മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽനിന്ന് അവിഷിത്തിനെ ഒഴിവാക്കിയത് ആക്രമണത്തിനു ശേഷം
സ്വന്തം ലേഖകൻ
Sunday, June 26, 2022 12:43 AM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരിക്കേയാണ് കെ.ആർ. അവിഷിത്ത് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിൽ ആക്രമണം നടത്തിയത്. ഓഫീസ് ആക്രമണത്തിനെതിരേ കേസെടുത്ത ശേഷം സംഭവം വിവാദമായതിനു പിന്നാലെ ഇന്നലെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽനിന്ന് അവിഷിത്തിനെ പുറത്താക്കി ഉത്തരവിറക്കിയത്.
ആക്രമണത്തിൽ പേഴ്സണൽ സ്റ്റാഫ് അംഗം ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് അവിഷിത്തിനെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽനിന്ന് ഒഴിവാക്കാൻ നിർദേശിച്ചതെന്നാണു വിവരം. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ ജൂണ്‍ 15 മുതൽ അവിഷിത്ത് ഓഫീസിൽനിന്നു ഒഴിവായിരുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. വിടുതൽ ചെയ്യണമെന്നു നിർദേശിച്ചു നേരത്തെതന്നെ തന്റെ ഓഫീസിൽനിന്നു പൊതുഭരണ വകുപ്പിനു കത്തു നൽകിയിരുന്നതായി മന്ത്രി അറിയിച്ചു.
എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന കെ.ആർ. അവിഷിത്ത് 2021 ജൂണിലാണ് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറ്റൻഡന്റായി 23,000- 50,200 രൂപ ശമ്പള നിരക്കിൽ നിയമിക്കപ്പെട്ടത്. എന്നാൽ, സംഘടനാ പ്രവർത്തനത്തിലേക്കു മടങ്ങുന്നതിനായി പേഴ്സണൽ സ്റ്റാഫിൽനിന്ന് ഒഴിവാക്കണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ കഴിഞ്ഞ 15ന് ഒഴിവാക്കിയതെന്നാണു മന്ത്രിയുടെ ഓഫീസ് പറയുന്നത്.