പ്രിയ വർഗീസിന്റെ അസോ. പ്രഫസർ നിയമനത്തിന് അംഗീകാരം
സ്വന്തം ലേഖകൻ
Tuesday, June 28, 2022 2:57 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിവാദമായ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസർ റാങ്ക് ലിസ്റ്റിന് ഒടുവിൽ സിൻഡിക്കേറ്റിന്റെ അംഗീകാരം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമനം നൽകുന്ന വിവാദ തീരുമാനത്തിനാണ് ഇതോടെ അംഗീകാരമായത്. ഏറെ നാളായ പൂഴ്ത്തിവച്ച റാങ്ക് ലിസ്റ്റാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
പ്രിയയ്ക്കു നിയമനം നൽകുന്നതിനു രണ്ടാം റാങ്കിലേക്കു തഴയപ്പെട്ട ചങ്ങനാശേരി എസ്ബി കോളജ് മലയാളം അധ്യാപകൻ ഡോ. ജോസഫ് സ്കറിയയ്ക്കു പിന്നീട് കാലിക്കട്ട് സർവകലാശാലയിൽ നടന്ന മലയാളം പ്രഫസറുടെ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. ഇതോടെ വിവാദത്തിനു ശക്തിയും കുറഞ്ഞിരുന്നു. മാത്രവുമല്ല കണ്ണൂരിലെ ഇന്റർവ്യൂവിൽ പിന്തള്ളപ്പെട്ട ഡോ. ജോസഫ് പരാതിയുമായി മുന്നോട്ടു വരാതിരുന്നതും വിവാദത്തിന്റെ ശക്തി കുറച്ചു.
അതേസമയം, പ്രിയാ വർഗീസിനു നിയമനം നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനം വിസി നിയമനത്തിനുള്ള പ്രത്യുപകരമാണെന്നു സെനറ്റംഗം ഡോ. ആർ.കെ. ബിജു പറഞ്ഞു. വിസിയുടെ കാലാവധി തീരുന്നതിനുമുൻപുതന്നെ ധൃതി പിടിച്ച് നിയമനം നൽകാനുള്ള തീരുമാനമെടുത്തത് വീണ്ടും തത്സ്ഥാനത്തു തുടരുന്നതിനു വേണ്ടിയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.