ആലപ്പുഴയിൽ കോണ്‍ഗ്രസ് സ്മൃതി മണ്ഡപങ്ങൾ തകർത്തു
Friday, July 1, 2022 11:59 PM IST
ആലപ്പുഴ: എകെജി സെന്റർ ആക്രണത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിമകൾക്കു നേരേ അതിക്രമം. പിച്ചുഅയ്യർ ജംഗ്ഷനിലെ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈപ്പത്തി വെട്ടിമാറ്റി.
വെള്ളക്കിണർ ജംഗ്ഷനിൽ രാജീവ് ഗാന്ധിയുടെ സ്മൃതി മണ്ഡപം തകർത്തു. ചാത്തനാട് മന്നത്ത് വാർഡിൽ കോണ്‍ഗ്രസിന്റെ കൊടിമരങ്ങളും പിഴുതു കളഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രിയും പുലർച്ചെയുമായിട്ടാണ് അതിക്രമം അരങ്ങേറിയത്.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് തിരുവിഴ ക്ഷേത്രത്തിനു സമീപം കോണ്‍ഗ്രസ് സ്ഥാപിച്ച കൊടിമരവും നശിപ്പിച്ചു. ആക്രമണത്തിൽ ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ ഷാനിമോൾ ഉസ്മാൻ, എം ലിജു, കെ പിസിസി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ തുടങ്ങിയവർ പ്രതിഷേധിച്ചു. അന്പലപ്പുഴ നോർത്ത്, സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.