എല്ലാ സാമൂഹിക തിന്മകളുടെയും അടിസ്ഥാനം ലഹരി: മാർ ജോസഫ് പാംപ്ലാനി
Saturday, July 2, 2022 12:35 AM IST
പേരാവൂർ: എല്ലാ സാമൂഹിക തിന്മകളുടെയും അടിസ്ഥാനം ലഹരിവസ്തുക്കളാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ലഹരിക്കെതിരേയുള്ള ബോധവത്കരണവും പോരാട്ടവും കുട്ടികളിൽനിന്ന് ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദീപികയും മദ്യവിരുദ്ധ വിദ്യാർഥി പ്രസ്ഥാനമായ ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയനും (എഡിഎസ്യു) സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ "കിക്ക് ഔട്ടി'ന്റെ സംസ്ഥാനതല ഉദ്ഘാടനം പേരാവൂർ കാസ സാൻജോസ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടായാൽ വളർന്നുവരുന്ന കുട്ടികൾ ഇതിൽനിന്ന് വിട്ടുനിൽക്കും. ലഹരിക്കെതിരേ ശക്തമായ പോരാട്ടമാണ് എഡിഎസ്യുവിലൂടെ കുട്ടികൾ നടത്തുന്നത്. ഓരോ കുട്ടിയും ജീവിതത്തിൽ താൻ ഒരിക്കലും ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്നു പ്രതിജ്ഞയെടുക്കണമെന്നും മാർ പാംപ്ലാനി പറഞ്ഞു.
ചടങ്ങിൽ അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു. പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് കൊച്ചുകരോട്ട് അനുഗ്രഹപ്രഭാഷണം നടത്തി.