വാഹനാപകടം: രണ്ടു യുവാക്കള്‍ക്കു ദാരുണാന്ത്യം
Monday, July 4, 2022 1:04 AM IST
റാന്നി: പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ഉതിമൂട്ടിലു ണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. റാന്നി പോലീസ് സ്റ്റേഷനിലെ എഎസ്ഐ അങ്ങാടി മണ്ണാറത്തറ മരോട്ടിപതാലില്‍ എം.ബി. കൃഷ്ണന്‍കുട്ടിയുടെ മകന് യദുകൃഷ്ണന് (18), അങ്ങാടി മണ്ണാറത്തറ മാലിപ്പുറം എം.ജെ. വര്‍ഗീസിന്റെ മകന് സിജോ വര്‍ഗീസ് (18) എന്നിവരാണ് മരിച്ചത്. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റു രണ്ടുപേര്‍ക്ക് ഗുരുതര പരിക്കുണ്ട്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് അപകടം. കോന്നി ആനത്താവളത്തിലേക്കു പോകുകയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച സ്കോര്‍പിയോ വാനാണ് അപകടത്തില്‍പെട്ടത്. ഉതിമൂട് ജംഗ്ഷന് കഴിഞ്ഞുള്ള ചെറിയ വളവില്‍ സ്കോര്‍പിയോ വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ടയര്‍ പൊട്ടി നിയന്ത്രണം വിട്ട സ്കോര്‍പിയോ റോഡരികിലെ ഇടിതാങ്ങിയും തകര്‍ത്താണ് നിന്നത്.
സ്കോര്പിയോയിലുണ്ടായിരുന്നവരാണ് അപകടത്തില്‍പെട്ടത്. മരിച്ച യദുകൃഷ്ണനും സിജോയും വാനിന്റെ ചില്ല് തകര്‍ത്ത് തോടിനു മറുകരയില്‍ വീണു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു നീക്കിയശേഷമാണ് ഇവരെ കണ്ടത്. പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടി ഉപരിപഠനത്തിനു തയാറെടുത്തിരിക്കുകയായിരുന്നു യദുകൃഷ്ണന്.