വൈസ് ചാൻസലർ നിയമനം: പോരിനുറച്ച് ഗവർണർ; ഗവർണറെ വെട്ടാൻ സർക്കാർ
Wednesday, August 17, 2022 2:14 AM IST
തിരുവനന്തപുരം: സർവകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ചാൻസലർകൂടിയായ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയഭേദഗതിയുടെ കരട് ബില്ലിനു മന്ത്രിസഭയുടെ അംഗീകാരം. വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കി ഉയർത്തിയാണു സർക്കാരിനെ വെട്ടാനുള്ള ഗവർണറുടെ നീക്കത്തെ പ്രതിരോധിക്കുന്നത്.
കേരള സർവകലാശാലാ വിസി നിയമനത്തിനു ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനു പിന്നാലെയാണു സർവകലാശാലാ നിയമം ഭേദഗതി ചെയ്യാനുള്ള കരട് ബില്ലിന് അംഗീകാരമായത്.
"സർവകലാശാലാ നിയമ ഭേദഗതി ബിൽ 2022’എന്ന പേരിലുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.
നിയമഭേദഗതിയനുസരിച്ചു വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെയും യുജിസിയുടെയും സർവകലാശാലയുടെയും പ്രതിനിധികൾക്കുപുറമേ സർക്കാരിന്റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തും. വൈസ് ചെയർമാനാണ് കണ്‍വീനർ.
അഞ്ചംഗ കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ ശിപാർശ ചെയ്യുന്ന പാനൽ മാത്രമേ ഗവർണറുടെ പരിഗണനയ്ക്ക് അയയ്ക്കാവൂ. ഈ പാനലിൽനിന്ന് ഒരാളെ ചാൻസലർക്കു വിസിയായി നിയമിക്കാം. ഇപ്പോൾ സെർച്ച് കമ്മിറ്റിക്ക് ഐകകണ്ഠ്യേനയോ അംഗങ്ങൾക്കു പ്രത്യേകമായോ പാനൽ സമർപ്പിക്കാം. ഇതിൽനിന്ന് ഒരാളെ വിസിയായി ഗവർണർക്കു നിയമിക്കാം. ഈ അധികാരമാണ് ഇല്ലാതാകുക.
നിയമഭേദഗതി നിലവിൽ വരുന്നതോടെ സർവകലാശാലയുടെയും സർക്കാരിന്റെയും പ്രതിനിധികളും ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാനും ചേർന്നു നൽകുന്ന പാനൽ മാത്രമേ ഗവർണർക്ക് അംഗീകരിക്കാനാകൂ.
യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികൾക്കു വിസി നിയമനത്തിൽ കാര്യമായ പങ്കാളിത്തം ഇല്ലാതാകും. അല്ലെങ്കിൽ അവർ മറ്റ് മൂന്ന് അംഗങ്ങളുടെ പാനലിനോടു യോജിക്കണം. പ്രത്യേക പാനൽ സമർപ്പിക്കാനുള്ള അംഗങ്ങളുടെ അവകാശം പുതിയ ഭേദഗതിയിലൂടെ ഇല്ലാതാകും.
ഇത്തരമൊരു നിയമഭേദഗതി നിയമസഭ പാസാക്കിയാലും ഗവർണർ അംഗീകാരം നൽകുമോയെന്നു സംശയമുണ്ട്. സംശയങ്ങൾ ചോദിച്ചും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചും ഇതിന് അംഗീകാരം വൈകിക്കാൻ ഗവർണർക്കു സാധിക്കും.
ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയുമായി മുന്നോട്ടുപോയാൽ കേന്ദ്രത്തിന്റെയും ബിജെപിയുടെയും ആളുകൾ വിസിമാരായി വരുന്ന സാഹചര്യം ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ വിശദീകരിച്ചു.
ഗവർണറും വിസിയും ചേർന്നു സർവകലാശാലകൾ ഭരിക്കുകയും പ്രോ ചാൻസല റായ മന്ത്രിയും സർക്കാരും കാഴ്ചക്കാരാവുകയും ചെയ്യും. ഈ കടന്നുകയറ്റം തടയുകയെന്ന സദുദ്ദേശ്യത്തോടെയാണു നിയമഭേദഗതി കൊണ്ടുവരുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിപിഐ മന്ത്രിമാർ ഉൾപ്പെടെ എല്ലാ മന്ത്രിമാരും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു.
"ചാൻസലറായി ഇരിക്കുന്നിടത്തോളം കാലം നിയമലംഘനം അനുവദിക്കില്ല'
തിരുവനന്തപുരം: സർക്കാരുമായി പോരിനുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ചാൻസലറായി ഇരിക്കുന്നിടത്തോളം കാലം സർവകലാശാലകളിലെ നിയമലംഘനങ്ങളും ക്രമക്കേടുകളും അനുവദിക്കില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു.
ഗവർണർ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്ന്, വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം വെട്ടാനുള്ള ബിൽ നിയമസഭയിൽ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ഗവർണർ പറഞ്ഞു.
കണ്ണൂർ സർവകലാശാലയിൽ ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമാണു നടക്കുന്നതെന്നും ഗവർണർ തുറന്നടിച്ചു. കണ്ണൂർ സർവകലാശാലയ്ക്കെതിരേ ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. ചാൻസലറായ തന്നെ ഇരുട്ടിൽ നിർത്തിയുള്ള നീക്കങ്ങളാണു നടക്കുന്നത്. ചാൻസലറായി ഇരിക്കുന്നിടത്തോളം കാലം ഇത് അനുവദിക്കില്ല-ഗവർണർ പറഞ്ഞു.
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർക്കെതിരേയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ രാജ്ഭവൻ തയാറെടുക്കുകയാണെന്ന സൂചനയുമുണ്ട്. ജുഡീഷൽ അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമവിദഗ്ധരുമായി ചർച്ച നടത്തിവരികയാണെന്നും സൂചനയുണ്ട്.