എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ മരിച്ചനിലയിൽ
Thursday, August 18, 2022 12:27 AM IST
കോട്ടയം: എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം, ചാലപ്പറന്പ്, സംസ്കൃതിയിൽ ബ്രിഗേഡിയർ എം. നരേന്ദ്രനാഥ് സാജൻ (എം.എൻ. സാജൻ, 54) നെയാണ് തൂങ്ങിമരിച്ചനിലയിൽ യൂണിഫോം മാറ്റുന്നതിനുള്ള ഗസ്റ്റ് റൂമിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 10.30 നാണ് സംഭവം. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണക്കുറിപ്പ് കണ്ടെത്തിയിട്ടില്ലാത്തതിനാൽ മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
എൻസിസിയുടെ എട്ട് ബറ്റാലിയനുകളുടെ ഗ്രൂപ്പ് കമാൻഡറാണ് മരിച്ച സാജൻ. ഒരുവർഷം മുന്പാണ് കോട്ടയം എൻസിസിയിലെത്തിയത്. ഷില്ലോങ്ങിലെ ഗുർഖ റൈഫിൾസിൽ സെൻട്രൽ കമാൻഡന്റായിരുന്നു. ഇവിടെനിന്നാണ് കോട്ടയം എൻസിസി ഗ്രൂപ്പ് കമാൻഡറായി എത്തുന്നത്. ഭാര്യ: പ്രസീദ. മക്കൾ: ഗായത്രി, പാർവതി (വിദ്യാർഥികൾ).