ആസ്തിയില്ലേ, ശമ്പളം കൊടുക്കണം
Thursday, August 18, 2022 12:27 AM IST
കൊച്ചി: വരുമാനം ലഭ്യമായില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശന്പളം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് ശന്പളം നല്കിയ ശേഷം വേണം ചര്‍ച്ച നടത്താനെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കന്നത്.
എല്ലാ മാസവും അഞ്ചിനു മുമ്പു ശമ്പളം നല്‍കണമെന്ന ഉത്തരവില്‍ കെഎസ്ആര്‍ടിസി സാവകാശം തേടിയ അവസരത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ജൂലൈയിലെ ശമ്പള വിതരണത്തിന് 10 ദിവസം കൂടുതല്‍ അനുവദിക്കണമെന്നു കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിക്കുന്നതുവരെ സമയം അനുവദിക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.
ബോധപൂര്മായിട്ടല്ല ശമ്പളം വൈകുന്നതെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കോര്പറേഷന് നേരിടുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം കോടതി നിശ്ചയിച്ച സമയത്തിനുള്ളില്‍ ശമ്പളം നല്കാന് കഴിയാത്ത സാഹചര്യമാണുള്ളതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ശന്പള വിതരണത്തിന് ഉടന്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ശമ്പളം വൈകുന്നത് സംബന്ധിച്ച് നേരത്തേ ഹൈക്കോടതി പരിഗണിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളില്‍ താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്കടക്കം ശമ്പളം കൊടുക്കണമെന്നും പരമാവധി പത്ത് ദിവസം വരെ വൈകാമെന്നുമായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. നിലവില്‍ കളക്ഷനായി കിട്ടുന്ന വരുമാനം വായ്പ അടയ്ക്കുന്നതിലേക്കും മറ്റും പോകുകയാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ഡീസല്‍ ക്ഷാമം ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നതെന്നും ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചും മറ്റും ഇന്ധനക്ഷാമത്തെ നേരിടുകയാണെന്നും കോര്പറേഷന് വ്യക്തമാക്കിയിരുന്നു.