പ്രിയയുടെ നിയമനം: സിപിഎമ്മിലും അതൃപ്തി
Friday, August 19, 2022 12:20 AM IST
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരേ മൗനം പാലിച്ച് സിപിഎമ്മിലെ ഒരു വിഭാഗം.
സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മാത്രമാണു ഗവർണർക്കെതിരേ രംഗത്തു വന്നത്.
എന്നാൽ, ഡിവൈഎഫ്ഐയും സിപിഎമ്മിലെ യുവനേതാക്കളും കാര്യമായ പ്രതികരണത്തിനു തയാറായില്ല. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി വീണ്ടും ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചപ്പോൾ തുടങ്ങിയതാണു സിപിഎം നേതാക്കൾക്കിടയിലെ അതൃപ്തി.
വൈസ് ചാൻസലർക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തത് മന്ത്രി എം.വി. ഗോവിന്ദനായിരുന്നു. എന്നാൽ, യാത്രയയപ്പ് സമ്മേളനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വന്നപ്പോൾ മുതലാണ് അതൃപ്തി ഉടലെടുത്തത്. മന്ത്രിപോലും അറിയാതെ വിസിയെ പുനർനിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായിരുന്നു.
സിപിഎം നേതാവും തലശേരി എംഎൽഎയുമായ എ.എന്‍. ഷംസീറിന്റെ ഭാര്യ ഡോ. ഷഹലയെ കണ്ണൂര്‍ സര്‍വകലാശാല എച്ച്ആര്‍ഡി സെന്ററിൽ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കത്തിനെതിരേയും സിപിഎമ്മിലെ ഒരുവിഭാഗം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ നിയമനം ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു.