മുൻ എംഎൽഎ വെങ്ങാനൂർ ഭാസ്കരൻ അന്തരിച്ചു
Friday, October 7, 2022 12:50 AM IST
കോവളം: നേമം മുൻ എംഎൽഎയും സിപിഎം തിരുവനന്തപുരം മുൻജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന നെല്ലിവിള വെണ്ണിയൂർ കുമാർ കോട്ടേജിൽ വെങ്ങാനൂർ പി. ഭാസ്ക്കരൻ (81) അന്തരിച്ചു. വിദ്യാർഥി ആയിരിക്കെ ആർഎസ്പിയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം1960ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.
പാർട്ടിയിൽ പിളർപ്പ് ഉണ്ടായപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനുമായി. അക്കാലത്തുണ്ടായ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് പെരിങ്ങമലയിൽ ഇന്ദിരാഗാന്ധിക്കെതിരേ മുദ്രാവാക്യം വിളിക്കാൻ പാട്ടി നിയോഗിച്ചതും വെങ്ങാനൂർ ഭാസ്ക്കരനെയായിരുന്നു. 43 ദിവസമായിരുന്നു അടിയന്തരാവസ്ക്കാലത്ത് അദ്ദേഹം ജയിൽവാസമനുഭവിച്ചത്.
1978 ൽ പെരിങ്ങമല വാർഡിൽ നിന്ന് മത്സരിച്ചു വിജയിച്ച് വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. 1991 ൽ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ കോട്ടുകാൽ ഡിവിഷനിൽ നിന്ന് മത്സരിച്ച് വിജയിച്ചു.
1994 ൽ നേമം മണ്ഡലത്തിൽ നിന്നു മത്സരിച്ച് എംഎൽഎ ആയി. തുടർന്ന് രണ്ടു തവണ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഭാര്യ: വിജയകുമാരി. മക്കൾ ഡോ. ബി.വി. രണകുമാർ(ജൂബിലി ആശുപത്രി), രഞ്ചിത് കുമാർ(അധ്യാപകൻ വെങ്ങാനൂർ ഗേൾസ് എച്ച്എസ്എസ്)മരുമക്കൾ: ഡോ.രശ്മി ഡഗ്ലസ്(ഗവ.ജനറൽ ആശുപത്രി), എ.ആർ.രാധിക.(വെങ്ങാനൂർ വിപിഎച്ച്എസ്എസ്.അധ്യാപിക) സംസ്കാരം ഇന്നലെ വൈകുന്നേരം 3.30 ന് വീട്ടുവളപ്പിൽ നടത്തി.