കോതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ
Friday, November 25, 2022 11:13 PM IST
കോഴിക്കോട്: മാലിന്യ സംസ്കരണ പ്ലാന്റിനെതിരേ കോതിയിൽ കഴിഞ്ഞ ദിവസം നടന്ന സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരേ ബാലവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.
സംഭവത്തിൽ കേസെടുക്കാൻ ചെമ്മങ്ങാട് പോലീസിനു നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം, സമരസമിതി പ്രഖ്യാപിച്ച പ്രാദേശിക ഹര്‍ത്താലിനെ തുടര്‍ന്ന് മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുയാണ്.
കോർപറേഷനിലെ 57, 58, 59 ഡിവിഷനുകളിൽ ഉൾപ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലായിരുന്നും ഹർത്താൽ.
പദ്ധതിപ്രദേശത്ത് ചുറ്റുമതിൽ നിർമിക്കാനുള്ള കോർപറേഷന് നീക്കത്തിനെതിരേ തുടർച്ചയായ രണ്ടാം ദിനവും ശക്തമായ പ്രതിഷേധമാണുണ്ടായത്. കഴിഞ്ഞ ദിവസം 42 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കിയിരുന്നു.
മുദ്രാവാക്യം വിളികളോടെ റോഡിൽ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ചതോടെ സ്ഥിതി സംഘർഷാവസ്ഥയിലേക്ക് എത്തിയിരുന്നു.
സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പോലീസ് ബലം പ്രയോഗിച്ചു മാറ്റി. അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതു തടയാൻ കുട്ടി ശ്രമിച്ചതോടെയാണു പോലീസ് കുട്ടിയെയും സ്ഥലത്തുനിന്നു ബലപ്രയോഗത്തിലൂടെ എടുത്തു മാറ്റിയത്. കുട്ടിക്കു നേരെ പോലീസ് ബലപ്രയോഗം നടത്തിയതിനെതിരേ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.