2,000 സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ സ്ഥാപിക്കും
Sunday, November 27, 2022 12:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 2,000 സ്കൂളുകളിൽ 9,000 റോബോട്ടിക് ലാബുകൾ സ്ഥാപിക്കും. വിനോദങ്ങളിലൂടെ വിദ്യാർഥികളുടെ അറിവും ശാസ്ത്രാഭിരുചിയും വളർത്തുന്നതിനും ശാസ്ത്ര സാങ്കേതിക മേഖലയിലെ സങ്കീർണമായ ആശയങ്ങൾ വേഗത്തിൽ മനസിലാക്കാനുമാണ് റോബോട്ടിക്സ് ലാബുകൾ വിദ്യാഭ്യാസ മേഖലയിൽ പ്രയോജനപ്പെടുത്തുന്നതെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പാഠപുസ്തകത്തിൽ അറിവുകൾക്ക് അപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം വളർത്തുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ.
ഹൈടെക് പദ്ധതിയുടെ പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതോടൊപ്പം, പദ്ധതിയിൽ അംഗങ്ങളായ വിദ്യാർഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പുത്തൻ സാങ്കേതികവിദ്യയിലെ പരിശീലനത്തിലൂടെ കടന്നു പോകാനുള്ള അവസരവും ഇതുവഴി ലഭിക്കും.
സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ എട്ട് ഉച്ചയ്ക്ക് 12.15ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം വെള്ളയന്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ മൂന്നാം സീസണ് 110 സ്കൂളുകൾ
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സംപ്രേഷണം ഡിസംബർ 16ന് കൈറ്റ് വിക്ടേഴ്സിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി 110 സ്കൂളുകളിൽ വീഡിയോ ഡോക്യുമെന്റേഷൻ തുടങ്ങി.
ഒന്നരലക്ഷത്തോളം കുട്ടികൾ ഷൂട്ടിംഗിന്റെ ഭാഗമാകും. ഹരിത വിദ്യാലയത്തിന്റെ മൂന്നാം സീസണാണിത്. ഓണ്ലൈനിൽ അപേക്ഷിച്ച 753 സ്കൂളുകളിൽനിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്ത 110 സ്കൂളുകളാണ് പ്രാഥമിക റൗണ്ടിൽ മത്സരിക്കുന്നത്.