ഹിന്ദി പ്രസംഗം കൊണ്ട് താരമായി ചെന്നിത്തല
Wednesday, November 30, 2022 11:58 PM IST
സബർകന്ദ് (ഗുജറാത്ത്): ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഹിന്ദി പ്രസംഗം കൊണ്ടു താരമായി രമേശ് ചെന്നിത്തല. വടക്കൻ ഗുജറാത്തിലെ ബയാഡ്, ഖരേലു, ഖഡി എന്നീ കേന്ദ്രങ്ങളിൽ ഇന്നലെ നടന്ന കോണ്ഗ്രസ് റാലികളിൽ ചെന്നിത്തലയായിരുന്നു പ്രധാന ആകർഷണം.
ബിജെപി സർക്കാരിന്റെ വീഴ്ചകളും ജനവിരുദ്ധ നടപടികളും അക്കമിട്ടു നിരത്തിയുള്ള ചെന്നിത്തലയുടെ പ്രസംഗങ്ങളെ റാലികളിൽ ജനക്കൂട്ടം വൻകൈയടികളോടെയാണു വരവേറ്റത്. മലയാളി നേതാവിന്റെ ഹിന്ദി പ്രസംഗം അണികളിൽ കൗതുകവും ആവേശവുമായി.
ബിജെപിയുടെ ഗുജറാത്ത് മോഡൽ കള്ളവും കാപട്യവും ജനങ്ങളെ കബളിപ്പിക്കലുമാണെന്ന് ചെന്നിത്തല ആരോപിച്ചു. മിക്കയിടത്തും വെള്ളമില്ല, വെളിച്ചമില്ല, റോഡുകളില്ല. തൊഴിലില്ലായ്മ 35 ശതമാനമാണു ബിജെപി ഭരണത്തിൽ കൂടിയത്. നാലു വർഷംകൊണ്ടു മൂന്നു മുഖ്യമന്ത്രിമാരെ മാറ്റിയ ബിജെപിക്കു കീഴിൽ സുസ്ഥിര ഭരണം പോലും ഉണ്ടായില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
കന്നുകാലികൾക്കു ഗുരുതര രോഗം ബാധിച്ചിട്ടും ക്ഷീരകർഷകർക്ക് ഒരു സഹായവും കിട്ടിയില്ല. കാർഷിക മേഖലയിലാകെ പ്രതിസന്ധിയാണ്. എല്ലാ കർഷകരും ദുരിതത്തിൽ തുടരുന്നു.
140 പേർ മരിച്ച മോർബി തൂക്കുപാലം ദുരന്തത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുകയാണു സർക്കാർ ചെയ്തത്. യഥാർഥ കുറ്റക്കാർക്കെതിരേ നടപടിയില്ല. പോലീസ് എഫ്ഐആറിൽ ചൗക്കിധാറിനെയാണു പ്രതിയാക്കിയത്. കരാറെടുത്തു കൊള്ള നടത്തി ദുരന്തത്തിനു കാരണക്കാരായവരെ പ്രതിയാക്കുക പോലും ചെയ്തില്ലെന്നു ചെന്നിത്തല ബയാഡിലെ റാലിയിൽ പറഞ്ഞു.