ഓണക്കിറ്റ് വിതരണം :ഉദ്യോഗസ്ഥർക്കുള്ള സ്വർണനാണയ സമ്മാനം റദ്ദാക്കി
Wednesday, February 1, 2023 12:42 AM IST
കണ്ണൂർ: ഓണക്കിറ്റ് സമയബന്ധിതമായി വിതരണം ചെയ്തതിനു സപ്ലൈകോ ഉദ്യോഗസ്ഥർക്കു സമ്മാനമായി പ്രഖ്യാപിച്ച സ്വർണനാണയ സമ്മാന പദ്ധതി വിവാദമായതിനു പിന്നാലെ സർക്കാർ പിൻവലിച്ചു. കിറ്റുകൾ തയാറാക്കിയ സപ്ലൈകോ ജീവനക്കാരെ തഴഞ്ഞായിരുന്നു ഉദ്യോഗസ്ഥർക്കു സ്വർണനാണയം സമ്മാനമായി പ്രഖ്യാപിച്ചത്.
ഇക്കാര്യവും വിവിധ കിറ്റുകൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഇപ്പോഴും കുടിശികയായിരിക്കുന്നതുമടക്കം ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥർക്കുള്ള സ്വർണനാണയ സമ്മാനം റദ്ദാക്കിയത്.
2022 ലെ ഓണക്കിറ്റ് തയാറാക്കി വിജയകരമായി വിതരണം ചെയ്ത സപ്ലൈകോ റീജണൽ മാനേജർ, അസി. മാനേജർ എന്നിവർക്ക് ഒരുഗ്രാം സ്വർണനാണയങ്ങളും 14 ഡിപ്പോ മാനേജർമാർക്ക് അര ഗ്രാം സ്വർണ നാണയങ്ങളുമാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥർക്കു സ്വർണനാണയ സമ്മാനം പ്രഖ്യാപിച്ചത്.
കമ്മീഷൻ കുടിശികയായ സാഹചര്യത്തിൽ ഇനി കിറ്റുകൾ വിതരണം ചെയ്യില്ലെന്നു റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ കിറ്റ് വിതരണം സേവനമായി കണക്കാക്കണമെന്ന് അഭ്യർഥിച്ചതിനെത്തുടർന്ന് വ്യാപാരികൾ കമ്മീഷൻ തുക അഞ്ചു രൂപയായി കുറച്ചു നൽകാമെന്നു സമ്മതിക്കുകയും ചെയ്തിരുന്നു.
എന്നിട്ടും കുടിശികയായ കമ്മീഷൻ തുക പൂർണമായും നൽകിയില്ല. ഇതേത്തുടർന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയും കുടിശിക ഉടൻ നൽകണമെന്ന് കോടതി വിധിക്കുകയും ചെയ്തു. എന്നിട്ടും കമ്മീഷൻ നൽകാത്തതിനെത്തുടർന്ന് കോടതിയലക്ഷ്യ കേസ് നൽകിയെങ്കിലും ഇതിനെതിരേ ഭക്ഷ്യവകുപ്പ് അപ്പീൽ പോയിരിക്കുകയാണ്.