വിദ്യാഭ്യാസമേഖലയ്ക്ക് 1773 കോടി
Saturday, February 4, 2023 5:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി ബജറ്റിൽ നീക്കിവച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. സ്കൂളുകളിലെ ഉച്ചഭക്ഷണം പദ്ധതിയിൽ സംസ്ഥാന വിഹിതമായി 344.64 കോടിയാണ് വകയിരുത്തിയത്.
സ്കൂളുകൾക്ക് അടിസ്ഥാനസൗകര്യ വികസനത്തിനുള്ള വിഹിതം 85 കോടിയിൽ നിന്ന് 95 കോടിയായി വർധിപ്പിച്ചു. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ യൂണിഫോമിനായി 140 കോടിയും ഓട്ടിസം പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപയും അനുവദിച്ചു. സമഗ്രശിക്ഷാ അഭിയാൻ പദ്ധതിയുടെ വിവിധ പദ്ധതി നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 60 കോടി നീക്കിവച്ചു.