വെള്ളക്കരം: ജനങ്ങൾക്കു സ്വീകാര്യമായ വർധനയെന്നു മന്ത്രി
Tuesday, February 7, 2023 1:03 AM IST
തിരുവനന്തപുരം: വെള്ളക്കരത്തിൽ വരുത്തിയ നേരിയ വർധനവ് ജനങ്ങൾക്കു സ്വീകാര്യമാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു. പല പരാതികളുമായി ആളുകൾ തന്നെ നേരിട്ട് ഫോണിൽ വിളിക്കാറുണ്ട്. എന്നാൽ വെള്ളക്കരം കൂട്ടിയതിനെക്കുറിച്ച് ആരും പരാതിപ്പെട്ടില്ല. ജനങ്ങൾക്ക് കാര്യങ്ങളറിയാം.
കണക്കുകൾകൊണ്ട് പ്രതിപക്ഷം മായാജാലം കാണിക്കരുതെന്നും മന്ത്രി പറഞ്ഞു. ജല ഉപയോഗത്തെ പരിമിതപ്പെടുത്തുകയും ഭാവിയിൽ ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കി സംരക്ഷിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
ആയിരം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്പോൾ വരുമാനം 10.92 രൂപയാണ്. ഇത്രയും വെള്ളം വിതരണം ചെയ്യുന്പോൾ വാട്ടർ അഥോറിറ്റിക്ക് 11.93 രൂപ നഷ്ടമുണ്ടാകുന്നു. ജലശുദ്ധീകരണത്തിനും വിതരണത്തിനും വരുന്ന ചെലവിനേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിലൂടെ, ഭീമമായ നഷ്ടമാണ് പ്രതിവർഷമുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.