യു. ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
Tuesday, February 7, 2023 1:03 AM IST
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കൊടുവിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തു നിന്നു മേഴ്സിക്കുട്ടൻ പടിയിറങ്ങി. 2024 ഏപ്രിൽ വരെ കാലാവധി ഉണ്ടായിരുന്ന മേഴ്സി ക്കുട്ടൻ കായിക മന്ത്രിക്കു രാജിക്കത്ത് നല്കിയാണ് രാജിവച്ചത്.
സിപിഎം നിർദേശത്തെ തുടർന്നാണ് രാജിയെന്നാണ് സൂചന. പുതിയ പ്രസിഡന്റായ മുൻ രാജ്യാന്തര ഫുട്ബോൾ താരം യു. ഷറഫലിയെ സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്തു. മേഴ്സിക്കുട്ടനൊപ്പം വൈസ് പ്രസിഡന്റ്, മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരും രാജിവച്ചു.
മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ ഷറഫലി നിരവധി ദേശീയ ടൂർണമെന്റുകളിൽ രാജ്യത്തിനായി ബൂട്ടണിഞ്ഞിട്ടുണ്ട്.
പത്തു വർഷത്തോളം തുടർച്ചയായി ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുകയും അഞ്ചു തവണ നെഹ്റു കപ്പിലും മൂന്നു തവണ സാഫ് കപ്പിലും ഒരു തവണ ഏഷ്യാ കപ്പിലും ദേശീയ ടീമിനായി കളിച്ചു. ലെബനനിൽ നടന്ന പ്രീവേൾഡ് കപ്പ് മത്സരത്തിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല, കേരളാ പോലീസ് ടീമുകളിലൂടെയാണ് ശ്രദ്ധേയനായത്.
ഒൻപതു തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും രണ്ടു തവണ ദേശീയ ഗെയിംസിലും കളിച്ചു.