നദികളിലെ നീരൊഴുക്ക് സ്വാഭാവികമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ
Wednesday, February 8, 2023 12:29 AM IST
തിരുവനന്തപുരം: നദികളിലെ പ്രളയസാധ്യത തടഞ്ഞു നീരൊഴുക്ക് സ്വാഭാവികമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.
കേരളത്തിലെ 44 നദികളെക്കുറിച്ചും പഠിക്കാനുള്ള നടപടി തുടങ്ങി. ഒരോ നദിക്കും ഓരോ എക്സിക്യൂട്ടീവ് എൻജിനിയറുടെ ചുമതല നൽകും. ചാലക്കുടി പുഴയുടെ റീസർവേ ഉൾപ്പെടെ നടത്തി പഠനം നടത്തുമെന്നും ഇതിനായി എക്സിക്യൂട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തുമെന്നും സനീഷ് കുമാർ ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.
ചാലക്കുടിപ്പുഴയുടെ ആദ്യഭാഗങ്ങൾ വനപ്രദേശത്താണ്. പുഴയ്ക്ക് അന്തർസംസ്ഥാന ഭാഗങ്ങളുള്ളതിനാൽ നീരൊഴുക്ക് തിരികെ കൊണ്ടുവരികയെന്നതു പൂർണമായും സാധ്യമല്ല. അതേസമയം, ജലസംരക്ഷണ പ്രവർത്തനം വേണ്ടതുമുണ്ട്.
നദീതടത്തിൽ വരുന്ന നഗരവത്കരണവും ഭൂവിനിയോഗവുമാണു നീരൊഴുക്കിനെ ബാധിക്കുന്നത്. ചാലക്കുടിപ്പുഴയുടെ വാട്ടർ ബാലൻസ് പഠിക്കാൻ കോഴിക്കോട്ടുള്ള സെന്റർ ഓഫ് വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിന്റെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.