ജനങ്ങളുടെമേൽ 4,000 കോടിയുടെ അധികബാധ്യത: രമേശ് ചെന്നിത്തല
Thursday, February 9, 2023 12:00 AM IST
പാലക്കാട്: 4,000 കോടി രൂപയുടെ അധികഭാരം കേരള ജനതയ്ക്കുമേൽ അടിച്ചേല്പിച്ച് ജനദ്രോഹ ബജറ്റ് അവതരിപ്പിച്ച ഇടതുസർക്കാരിനെതിരേ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടു ശക്തമായ സമരത്തിനു യുഡിഎഫ് നേതൃത്വം നൽകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രബജറ്റിലൂടെ അധികവരുമാനം ലഭിച്ചിട്ടും ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
നികുതി സംഭരിച്ചു വികസനവും ശന്പളവും നിത്യ നിദാനചെലവും നടത്തുക എന്ന സർക്കാരിന്റെ സ്വാഭാവികനടപടിക്ക് ആരും എതിരല്ല. പക്ഷേ അധികഭാരമേൽപ്പിച്ചു ചുമത്തുന്ന നികുതി മന്ത്രിമാർക്കും സ്വന്തം പാർട്ടിക്കാർക്കും ധൂർത്തടിക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്ന് ചെന്നിത്തല ഓർമിപ്പിച്ചു.
എംഎസ് മുതൽ ഉമ്മൻ ചാണ്ടി വരെ കേരളം ഭരിച്ച മുഖ്യമന്ത്രിമാരുടെ 60 വർഷ കാലയളവിലുണ്ടായ പൊതുകടം ഒന്നരലക്ഷം കോടി രൂപ ആയിരുന്നെങ്കിൽ പിണറായി സർക്കാരിന്റെ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ പൊതുകടം 3.90 ലക്ഷം കോടി രൂപയായത് ഈ സർക്കാരിന്റെ ധൂർത്തിന്റെ തെളിവാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
പാലക്കാട് ജില്ലാ യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ബജറ്റിനെതിരേ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13, 14 തീയതികളിൽ പാലക്കാട്ട് രാപകൽ സമരം നടത്താൻ യോഗം തീരുമാനിച്ചു.