പ്രവാസികൾ പാർലമെന്റിലേക്ക് 15-ന് മാർച്ച് നടത്തും
Thursday, February 9, 2023 12:17 AM IST
തിരുവനന്തപുരം: കേരള പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾ 15-ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര ഫണ്ട് അനുവദിക്കുക, സമഗ്രവും സുരക്ഷിതവുമായ കുടിയേറ്റ നിയമം നടപ്പാക്കുക, നിർത്തലാക്കിയ പ്രവാസികാര്യ വകുപ്പ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
പാർലമെന്റ് മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യചൂരി ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നിന്നുള്ള എംപിമാർ പ്രസംഗിക്കും. ഇന്ത്യയുടെ ബജറ്റിന്റെ 35 ശതമാനത്തിനു തുല്യമായ സംഖ്യ കഴിഞ്ഞ വർഷം പ്രവാസികൾ നാട്ടിലേക്ക് അയച്ചു.
രാജ്യത്തെ വിദേശനാണ്യം വർധിപ്പിക്കാനായി പ്രവാസികൾ വലിയ പങ്കു വഹിക്കുന്നെങ്കിലും കേന്ദ്ര ബജറ്റിൽ തുക നീക്കിവച്ചിട്ടില്ല.
പ്രവാസികൾ അയയ്ക്കുന്ന വിദേശ നാണ്യത്തിന്റെ വലിയ ഗുണഭോക്താക്കളായ കേന്ദ്ര സർക്കാർ പ്രവാസി ക്ഷേമ പദ്ധതികൾക്ക് വിഹിതം അനുവദിക്കണമെന്ന് പ്രവാസി സംഘം ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.വി. അബ്ദുൾഖാദർ ആവശ്യപ്പെട്ടു.