ഗുരുവായൂർ ആനയോട്ടം: കൊന്പൻ ഗോകുൽ വിജയി
Saturday, March 4, 2023 12:25 AM IST
ഗുരുവായൂർ: ക്ഷേത്രോത്സവത്തിനു തുടക്കം കുറിച്ച് ഇന്നലെ നടന്ന ആനയോട്ടത്തിൽ കൊന്പൻ ഗോകുൽ വിജയിയായി. ഇതു മൂന്നാം തവണയാണു ഗോകുൽ ആനയോട്ടത്തിൽ വിജയിയാകുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ കണ്ണനായിരുന്നു മുന്നിൽ.
പിന്നീട് ചെന്താമരാക്ഷൻ കണ്ണനെ മറികടന്ന് മുന്നിലെത്തി. മൂന്നാമതായിരുന്ന ഗോകുൽ വാശിയോടെ കുതിച്ചു. സത്രം ഗേറ്റിനു സമീപമെത്തിയതോടെ ചെന്താമരാക്ഷനും ഗോകുലും ഒപ്പത്തിനൊപ്പമായി. മത്സരിച്ചു മുന്നേറിയ ഗോകുൽ ചെന്താമരാക്ഷനെ പിന്നിലാക്കി ഒന്നാമതെത്തി.
ക്ഷേത്രഗോപുര വാതിൽ കടന്ന് ഉള്ളിലേക്കു പ്രവേശിച്ച ഗോകുൽ ക്ഷേത്രത്തിനുള്ളിൽ ഏഴു പ്രദക്ഷിണം പൂർത്തിയാക്കി ഗുരുവായൂരപ്പനെ വണങ്ങിയതോടെ ആനയോട്ടത്തിന്റെ ചടങ്ങു പൂർത്തീകരിച്ചു. വിജയിയായ ഗോകുലിനെ നിറപറവച്ച് പാരന്പര്യ അവകാശിയായ ചൊവ്വല്ലൂർ നാരായണൻ സ്വീകരിച്ചു.
ഉത്സവച്ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിലെ ശ്രീഭൂതബലി എഴുന്നള്ളിപ്പിനു ഗോകുലാണ് തങ്കത്തിടന്പേറ്റുക. 17 ആനകൾ ആനയോട്ടത്തിൽ അണിനിരന്നു. വലിയ ജനാവലിയാണ് ആനയോട്ടം കാണാൻ എത്തിയത്.