100 കോടി പിഴ: നിയമപരമായി നേരിടുമെന്ന് മേയര്‍
Sunday, March 19, 2023 1:02 AM IST
കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്പറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് മേയര്‍ എം. അനില്‍കുമാര്‍.
കോര്‍പറേഷന്റെയോ സര്‍ക്കാരിന്റെയോ ഭാഗം കേള്‍ക്കാതെയാണു നടപടി. വിധി പ്രസ്താവിക്കുന്നതിനു മുന്‍പ് കോര്പറേഷന് കൈമാറിയ സത്യവാങ്മൂലം വേണ്ടവിധം പരിഗണിച്ചോയെന്നു സംശയമുണ്ട്. അര്‍ധരാത്രിയിലാണു ഉത്തരവ് അപ്ലോഡ് ചെയ്തത്. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കാനാണു തീരുമാനമെന്നും മേയര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബ്രഹ്മപുരത്തെ നഷ്ടം നിര്ണയിക്കാതെയാണു പിഴയടയ്ക്കാന്‍ പറഞ്ഞിരിക്കുന്നത്. നഷ്ടങ്ങള്‍ എന്തൊക്കെയാണെന്നും ഓരോന്നിനും പിഴ എത്രവീതമാണെന്നുമുള്ള വിവരങ്ങള്‍ ഉത്തരവിലില്ല. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് കണ്ടു സന്തോഷിക്കുന്ന ആളുകള്‍ ഇക്കാര്യങ്ങളൊക്കെ മനസിലാക്കാന്‍ തയാറാകണമെന്നും മേയര്‍ പറഞ്ഞു.
2012 മുതല്‍ ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള പിഴവുകളാണ് ഭീമമായ പിഴ ഇടാക്കുന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നത്. പ്ലാന്റിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് അന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് പലഘട്ടങ്ങളിലും പ്ലാന്റിന്റെ അവസ്ഥ സംബന്ധിച്ചും ബ്രഹ്മപുരത്തെ അസൗകര്യങ്ങള്‍ സംബന്ധിച്ചും ഹരിത ട്രൈബ്യൂണലും പിസിബിയുമൊക്കെ റിപ്പോര്‍ട്ട് നല്‍കുകയും പിഴ ഇടാക്കുകയും ചെയ്തു.
ഒടുവില്‍ സൗമിനി ജയിനിന്റെ കാലത്ത് 14.92 കോടി രൂപ പിഴ ഈടാക്കിയതിനെതിരേ അന്നു കോര്പറേഷന് ഹൈക്കോടതിയെ സമീപിച്ചാണു സ്റ്റേ വാങ്ങിയെടുത്തത്. ഇക്കാര്യങ്ങളുടെയൊക്കെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഭീമമായ പിഴ വന്നതെന്നും മേയര്‍ ചൂണ്ടിക്കാട്ടി.