ജപ്തി നടത്തി കടബാധ്യത അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടും പതിനായിരക്കണക്കിന് അപേക്ഷകളാണു സഹകരണ വകുപ്പിലേക്ക് വിവിധ ബാങ്കുകൾ നൽകിയിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജപ്തിയും മറ്റു നടപടികളും കടുത്ത എതിർപ്പിനിടയാക്കുമെന്നതിനാൽ സർക്കാർ അതിനു പച്ചക്കൊടി കാട്ടുന്നില്ല. ബാങ്കുകളെ ഉൾപ്പെടുത്തി സഹകരണ വകുപ്പ് ജീവനക്കാരെ ഉപയോഗിച്ച് നയപരമായി പ്രശ്നം കൈകാര്യം ചെയ്യാനാണു സർക്കാർ നിർദേശം.
ഉയരുന്ന കുടിശിക ബാങ്കുകളുടെ ഗ്രേഡിനെ ബാധിച്ച് തരംതാഴ്ത്തപ്പെടാൻ സാധ്യതയുള്ളതിനാൽ ബാങ്കുകളും മനസില്ലാമനസോടെ കുടിശിക നിവാരണവുമായി സഹകരിക്കുകയാണ്. കുടിശിക നിവാരണ പദ്ധതി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. സർക്കാർ ഇളവ് വാരിക്കോരി പ്രഖ്യാപിച്ചെങ്കിലും വായ്പക്കാർ കാര്യമായി ബാങ്കിലെത്തുന്നില്ലെന്നാണു സഹകാരികൾ അറിയിക്കുന്നത്. അതിനാൽ ഗണ്യമായ തോതിൽ പലിശ ഇളവ് നൽകി നഷ്ടം നേരിടുമ്പോഴും ബാങ്കിന്റെ ഗ്രേഡ് താഴാതെ പിടിച്ചുനിർത്താനോ ഉയർത്താനോ കഴിയുമോ എന്ന കടുത്ത ആശങ്കയും സഹകാരികൾക്കുണ്ട്.
നിക്ഷേപകരെ ആകർഷിക്കാൻ പലിശ ഉയർത്തിയിരിക്കുന്നതിനാൽ നിക്ഷേപം കൂടുതലായി ബാങ്കുകളിലെത്തുന്നുണ്ട്. വായ്പ കുടിശികത്തോത് കുറയാത്തതിനാൽ പുനർ വായ്പകൾ കാര്യമായി അനുവദിക്കാതെ നിക്ഷേപം ബാങ്കുകൾക്കു ബാധ്യതയുമാകുന്നുണ്ട്. ഈ നിക്ഷേപത്തിനും പ്രതിമാസം ഉയർന്ന പലിശ നൽകേണ്ട അവസ്ഥയിലാണു ബാങ്കുകൾ. സർക്കാർ പ്രഖ്യാപിച്ച കണക്കനുസരിച്ച് വായ്പക്കാർക്ക് ഇളവു നൽകുന്നതിലൂടെയുണ്ടാകുന്ന നഷ്ടം അതതു ബാങ്കുകൾക്ക് തിരികെ നൽകാൻ സർക്കാർ സംവിധാനമൊരുക്കണമെന്ന ആവശ്യമാണ് സഹകാരികൾ ഉന്നയിക്കുന്നത്.