സമ്മർ ബംപർ ലോട്ടറി: പത്തു കോടി ആലുവയിൽ; സമ്മാനാർഹൻ അജ്ഞാതൻ
Monday, March 20, 2023 4:47 AM IST
ആലുവ: കേരള സർക്കാരിന്റെ പത്തു കോടി സമ്മർ ബംപർ ലോട്ടറി ഒന്നാം സമ്മാനം ആലുവയിൽ. മാഞ്ഞൂരാൻ ലോട്ടറി ഏജൻസിയുടെ ചൂണ്ടി ശാഖയിൽ വിറ്റ എസ്ഇ 222282 എന്ന നമ്പർ ടിക്കറ്റിനാണു സമ്മാനം. ടിക്കറ്റ് എടുത്തയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ആലുവ സ്വകാര്യ ബസ്സ്റ്റാൻഡിനു സമീപം താമസിക്കുന്ന മാഞ്ഞൂരാൻ കുടുംബത്തിലെ ജോൺ, ജോസഫ്, സുധീഷ്, ലിജു എന്നിവർ ചേർന്ന് രണ്ടു വർഷം മുമ്പ് ആരംഭിച്ചതാണു മാഞ്ഞൂരാൻ ലോട്ടറി ഏജൻസി. ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ ചൂണ്ടിയിലെ കടയിൽനിന്നു ലോട്ടറികൾ വാങ്ങിയ സബ് ഏജന്റായിരിക്കണം ടിക്കറ്റ് വിറ്റതെന്നാണു കരുതുന്നത്. ആലുവ ചൂണ്ടി ഭാഗത്ത് ഇതര സംസ്ഥാനക്കാർ ഏറെ താമസമുള്ളതിനാൽ അവർക്കു സമ്മാനം ലഭിക്കാനും സാധ്യതയുണ്ടെന്ന് ഉടമകൾ പറയുന്നു.