പഴയിടം ഇരട്ട കൊലപാതകം: പ്രതിയുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും
Tuesday, March 21, 2023 1:10 AM IST
കോട്ടയം: പഴയിടം ഇരട്ടകൊലപാതകക്കേസിൽ പ്രതി കുറ്റക്കാരനെന്നു കോടതി. കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽകുറ്റങ്ങളിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. പ്രതിയ്ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.
പ്രതി പഴയിടം ചൂരപ്പാടി അരുൺശശിയെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ജെ.നാസർ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി കെ. ജിതേഷ് കോടതിയിൽ ഹാജരായി.
2013 ഓഗസ്റ്റ് 28നു രാത്രിയിലാണ് അരുൺ സ്വന്തം പിതൃസഹോദരി തീമ്പനാൽ തങ്കമ്മയെയും (68) ഭർത്താവ് ഭാസ്കരൻനായരെയും (71) പഴയിടത്തെ വീട്ടിനുള്ളിൽ ചുറ്റികക്ക് അടിച്ചുകൊലപ്പെടുത്തിയത്.
കേസിലെ പ്രതിയായ അരുണിനെ ഒരു മാസം കഴിഞ്ഞശേഷം കഞ്ഞിക്കുഴിയിൽ നിന്നും മാല മോഷ്ടിക്കുന്നതിനിടെ കോട്ടയം ഈസ്റ്റ് എസ്ഐ ആയിരുന്ന കെ.പി. ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതി കുറ്റം സമ്മതിച്ചത്.മറ്റു സംസ്ഥാനങ്ങളിലെ കേസുകൾ കൂടാതെ മണിമല, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ എട്ട് ക്രിമിനൽകേസുകളിൽ കൂടി പ്രതിയായിരുന്നു അരുൺശശി.