ഇപിഎഫ് പെന്ഷന്: പിഎഫ് കമ്മീഷണറുടെ സര്‍ക്കുലർ റദ്ദാക്കണമെന്ന ഹര്‍ജി മാറ്റി
Thursday, March 23, 2023 12:48 AM IST
കൊച്ചി: സര്‍വീസില്‍ നിന്ന് 2014 സെപ്റ്റംബര്‍ ഒന്നിനു ശേഷം വിരമിച്ചതും നിലവില്‍ ഉയര്‍ന്ന പിഎഫ് പെന്ഷന് ലഭിക്കുന്നവരുമായ വ്യക്തികളും ഇപിഎഫ് പെന്‍ഷനു വീണ്ടും ഓപ്ഷനും അനുമതി രേഖകളും നല്‍കണമെന്ന റീജണല്‍ പി.എഫ് കമ്മീഷണറുടെ സര്‍ക്കുലറും നോട്ടീസും റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി മാര്‍ച്ച് 27 ലേക്കു മാറ്റി.
കെല്‍ട്രോണില്‍നിന്നു വിരമിച്ച തിരുവനന്തപുരം കണിയാപുരം സ്വദേശി വിക്രമന് നായരുള്‍പ്പെടെ 121 പേര് ചേര്‍ന്നു നല്കിയ ഹര്‍ജി ജസ്റ്റീസ് രാജ വിജയരാഘവനാണ് പരിഗണിക്കുന്നത്.
നിലവില്‍ ഉയര്‍ന്ന പിഎഫ് പെന്ഷന് വാങ്ങുന്നവരും ഇപിഎഫ് പെന്ഷന് സ്കീമിലെ 26(6) , 11(3) ഖണ്ഡികകള്‍ പ്രകാരം വീണ്ടും ഓപ്ഷന് നല്‍കണമെന്ന ഇപിഎഫ്ഒയുടെ കഴിഞ്ഞ ഫെബ്രുവരി രണ്ടിലെ സര്‍ക്കുലര്‍ പ്രകാരം റീജണല്‍ പെന്ഷന് കമ്മീഷണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് 17 നു ഈ നോട്ടീസ് ചില മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഈ സര്‍ക്കുലറും നോട്ടീസും റദ്ദാക്കണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം.
ഉയര്‍ന്ന പിഎഫ് പെന്ഷന് ഓപ്ഷന് നല്കാന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പ്രകാരമാണ് ഇത്തരമൊരു നടപടിയെന്ന് റീജണല്‍ പിഎഫ് കമ്മീഷണര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സുപ്രീം കോടതി വിധിയില്‍ ഈ നിര്‍ദേശത്തെക്കുറിച്ച് പരാമര്‍ശങ്ങളില്ലെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. പെന്ഷന് ഫണ്ടിലെ കുടിശിക തീര്‍ത്ത് ഉയര്‍ന്ന പെന്ഷന് വാങ്ങുന്നവരോടു വീണ്ടും ഓപ്ഷന് നല്‍കണമെന്ന് പറയുന്നത് ന്യായമല്ല.
നിലവില്‍ ഉയര്‍ന്ന പെന്ഷന് വാങ്ങുന്ന സ്ഥിതിക്ക് തങ്ങള്‍ ഓപ്ഷന് നല്‍കിയതായി കണക്കാക്കുകയാണ് വേണ്ടതെന്നും ഇതിനുള്ള അനുമതി രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുന്നത് നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.