പ്രതിപക്ഷ എംഎൽഎമാർക്കെതിരേ കേസെടുത്ത പോലീസ് വെട്ടിൽ
Friday, March 24, 2023 1:06 AM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെയുണ്ടായ സംഘർഷത്തിൽ സർക്കാരിനെയും പോലീസിനെയും വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റെന്നാരോപിച്ച് പ്രതിപക്ഷ എംഎൽഎമാർക്കെതിരേ പരാതി നൽകിയ രണ്ട് വനിത വാച്ച് ആൻഡ് വാർഡുമാരുടെ കാലിനു പൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഇത് കേസ് രജിസ്റ്റർ ചെയ്ത പോലീസിനും അത് ആയുധമാക്കിയ ഭരണപക്ഷത്തിനും തിരിച്ചടിയായി. നിയമസഭാ ചട്ടങ്ങൾ ലംഘിച്ചാണ് ചില ഉന്നതതല നിർദേശത്തത്തുടർന്നു എംഎൽഎമാർക്കെതിരേ പോലീസ് കേസെടുത്തതെന്ന പ്രതിപക്ഷ പരാതി നിലനിൽക്കേയാണ് പോലീസിനെ വെട്ടിലാക്കിയ പുതിയ മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നത്.
നിയമസഭാ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎ കെ.കെ. രമയുടെ കൈക്ക് പരിക്കുണ്ടെന്ന ഡോക്ടറുടെ റിപ്പോർട്ട് പുറത്തു വന്നതും സർക്കാരിന് തലവേദനയായി. രമയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല. പ്രതിപക്ഷം കോടതിയെ സമീപിച്ചാൽ പോലീസിനും സർക്കാരിനും ഇതും കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്.