സൂപ്പർ മാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം
Saturday, March 25, 2023 1:03 AM IST
മാതമംഗലം(കണ്ണൂർ): കണ്ടോന്താർ സൂപ്പർ മാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം. സ്കൂട്ടർ യാത്രികനും വഴിയാത്രക്കാർക്കും പരിക്കേറ്റു. കടയിൽ പാഞ്ഞുകയറിയ കാട്ടുപന്നി സാധനങ്ങളും നശിപ്പിച്ചു.
ഇന്നലെ രാവിലെ 8.45നായിരുന്നു സംഭവം. കടന്നപ്പള്ളി പാണപ്പുഴ ബാങ്ക് പറവൂർ ശാഖയിലെ ജീവനക്കാരി കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ ടി.പി. സ്മിത, കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗോവിന്ദൻ നമ്പൂതിരി എന്നിവർക്കാണു പരിക്കേറ്റത്. ഇവർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ഇതിനുശേഷം ബസ് സ്റ്റോപ്പിന് സമീപത്തെ ഇ.ടി. പ്രകാശന്റെ ഉടമസ്ഥതയിലുള്ള അവന്തിക സ്റ്റോറിലേക്കും കാട്ടുപന്നി പാഞ്ഞുകയറി. കടയിലെ സാധനങ്ങൾക്കും ഫർണിച്ചറുകൾക്കും പന്നിയുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇതിനുശേഷം പുറത്തേക്ക് ഓടിയപ്പോൾ റോഡിലൂടെ വരികയായിരുന്ന മറ്റൊരു സ്കൂട്ടറിൽ തട്ടിയതോടെ യാത്രികന് തെറിച്ചുവീണ് പരിക്കേറ്റു.