മാര് ജോസഫ് പവ്വത്തില് കേരള സമൂഹത്തിനു മാതൃക പകര്ന്ന ശ്രേഷ്ഠാചാര്യന്: മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ
Saturday, March 25, 2023 1:03 AM IST
ചങ്ങനാശേരി: മാര് ജോസഫ് പവ്വത്തില് കേരള സമൂഹത്തിനു വലിയ മാതൃക പകര്ന്ന ശ്രേഷ്ഠാചാര്യനാണെന്ന് ഓര്ത്തഡോക്സ് സഭ കാതോലിക്കാ ബാവ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന്.
ചങ്ങനാശേരിയുടെ മുന് ആര്ച്ച്ബിഷപ് കാലംചെയ്ത മാര് ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനത്തില് സെന്റ് മേരീസ് മെത്രാപ്പോലീത്തന് പള്ളി ഓഡിറ്റോറിയത്തില് നടത്തിയ അനുസ്മരണ സമ്മേളനത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാതോലിക്കാ ബാവ.
ആര്ച്ച്ബിഷപ് മാര് ജോസഫ് പെരുന്തോട്ടം സമ്മേളനത്തില് അധ്യക്ഷത വഹിച്ചു. സത്യത്തിലും സ്നേഹത്തിലുമെന്ന ആപ്തവാക്യം ജീവിതത്തില് അന്വര്ഥമാക്കിയ മാര് ജോസഫ് പവ്വത്തില് പിതാവിന്റെ ഉള്ളിന്റെ ഉള്ള് നിഷ്കളങ്കവും ഹൃദയങ്ങളെ തൊട്ടുണര്ത്തുന്നതുമായിരുന്നുവെന്ന് മാര് പെരുന്തോട്ടം അനുസ്മരിച്ചു.
മലങ്കര മാര്ത്തോമ്മാസുറിയാനിസഭ സഫ്രഗന് ആ്ച്ച്ബിഷപ് ജോസഫ് മാര് ബര്ണബാസ്, മലങ്കര ക്നാനായ യാക്കോബായസഭ ചീഫ് മെത്രാപ്പോലീത്തന് ആര്ച്ച്ബിഷപ് കുര്യാക്കോസ് മാര് സേവേറിയോസ്, മലങ്കര യാക്കോബായ സുറിയാനി സഭ ആര്ച്ച്ബിഷപ് കുര്യാക്കോസ് മാര് തിയോഫിലോസ്, സീറോമലങ്കര തിരുവല്ല ആര്ച്ച്ബിഷപ് തോമസ് മാര് കുറിലോസ്, ആലപ്പുഴ ലത്തീന് രൂപത ബിഷപ് ഡോ.ജയിംസ് ആനാപറമ്പില്, സിഎസ്ഐ ഈസ്റ്റ് കേരള രൂപത ബിഷപ് ഡോ.വി.എസ്.ഫ്രാന്സിസ്, അതിരൂപതാ വികാരിജനറാള് മോണ്.ജയിംസ് പാലയ്ക്കല്, മെത്രാപ്പോലീത്തന്പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്, മന്ത്രിമാരായ വി.എന്.വാസവന്, റോഷി അഗസ്റ്റിന് തുടങ്ങിയവർ പ്രസംഗിച്ചു.