കുരുമുളകു ചെടിക്കു രോഗപ്രതിരോധത്തിന് കണ്ടെത്തലുമായി ആർജിസിബി ശാസ്ത്രജ്ഞർ
Sunday, March 26, 2023 1:35 AM IST
തിരുവനന്തപുരം: കുരുമുളകു ചെടികളിൽ പ്രകൃതിദത്തമായുള്ള പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വിളസംരക്ഷണ സംവിധാനമായ ഡിഫൻസ് പ്രൈമിംഗ് വികസിപ്പിച്ചെടുത്ത് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ (ആർജിസിബി) ഗവേഷക സംഘം.
രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിക്കാതെയുള്ള ഡിഫൻസ് പ്രൈമിംഗ് കുരുമുളക് ചെടികളുടെ രോഗപ്രതിരോധശേഷിയും കുരുമുളകിന്റെ തീക്ഷണതയ്ക്ക് ആധാരമായ പൈപ്പറീനിന്റെ അളവും വർധിപ്പിക്കുന്നതായി ആർജിസിബി യിലെ ശാസ്ത്രജ്ഞയായ ഡോ. എസ്. മഞ്ജുളയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പഠനം തെളിയിക്കുന്നു. കർഷകർക്ക് വലിയ തോതിലുള്ള വിള നാശമുണ്ടാക്കുന്ന ദൃതവാട്ടത്തിനുള്ള പരിഹാരം കൂടിയാണ് ഡിഫൻസ് പ്രൈമിംഗ്.
’ഫ്രോണ്ടിയേഴ്സ് ഇൻ പ്ലാന്റ് സയൻസ്’ എന്ന ജേർണലിൽ ഇവരുടെ പഠനത്തിന്റെ കണ്ടെത്തലുകൾ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ചെടികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതും വെള്ളത്തിൽ ലയിക്കുന്നതും വിഷരഹിതവുമായ ഗ്ലൈക്കോൾ കൈറ്റോസാൻ (ജിസി) എന്ന പോളിസാക്കറൈഡാണ് പഠനത്തിനായി ഉപയോഗിച്ചത്.
കുരുമുളക് ചെടിയുടെ ഇലകളിൽ ഗ്ലൈക്കോൾ കൈറ്റോസാൻ കടത്തിവിട്ടതിന് ശേഷമാണ് ഗവേഷണ സംഘം പഠനം നടത്തിയത്. ഗ്ലൈക്കോൾ കൈറ്റോസാന്റെ ഉപയോഗത്തിലൂടെ കുരുമുളക് ചെടിയുടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന ജീനുകളുടെ പ്രവർത്തനം വർധിപ്പിക്കാൻ കഴിഞ്ഞെന്ന് തെളിയിക്കാൻ ഇവർക്ക് കഴിഞ്ഞു.
കുരുമുളക് ചെടികൾക്ക് മാത്രമല്ല മറ്റു പല വിളകളിലും സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു സുപ്രധാന ഗവേഷണമാണിതെന്ന് ആർജിസിബി ഡയറക്ടർ പ്രഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. അപകടസാധ്യതയുള്ള കീടനാശിനികളും കൃത്രിമ രാസവസ്തുക്കളും ഉപയോഗിക്കാതെയുള്ള ഡിഫൻസ് പ്രൈമിംഗ് സുസ്ഥിരവും പരിസ്ഥിതി സൗഹാർദവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിളസംരക്ഷണം ഉറപ്പു വരുത്തിക്കൊണ്ട് കുരുമുളക് ചെടിയിൽ പ്രതിരോധ പ്രൈമിംഗ് പ്രയോജനപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ നൽകുന്ന ആദ്യ പഠന റിപ്പോർട്ടാണിത്. വിളനഴ്സറികളിലും കൃഷിയിടങ്ങളിലും ഇത് വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കഴിയും. അതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും ഡോ. മഞ്ജുള പറഞ്ഞു.