കൊച്ചി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു
Monday, March 27, 2023 1:32 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു. പ്രധാന റൺവേയിൽനിന്ന് അഞ്ചു മീറ്റർ അകലത്തിലാണ് ഹെലികോപ്റ്റർ മൂക്കുകുത്തി വീണത്. പരിക്കേറ്റ പൈലറ്റ് സുനിൽ ലോട്ലയെ (26) അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റു രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെട്ടു. തീപിടിത്തം ഉണ്ടാകാതിരുന്നതിനാലാണ് വൻ അത്യാഹിതം ഒഴിവായത്.
ഇന്നലെ ഉച്ചയ്ക്ക് 12.25 നായിരുന്നു സംഭവം. അപകടത്തെത്തുടർന്ന് നെടുന്പാശേരിയിൽ വിമാന സർവീസുകൾ ഉച്ചകഴിഞ്ഞ് 2.30 വരെ നിർത്തിവച്ചു. പരിശീലനപ്പറക്കലിനിടയിൽ നിയന്ത്രണം വിട്ടാണ് ഹെലികോപ്റ്റർ വീണതെന്ന് പറയുന്നു.കോസ്റ്റ് ഗാർഡിന്റെ കല്ലയം ഹബ്ബിൽനിന്നു പറന്നുയർന്ന എഎൽഎച്ച് ധ്രുവ് മാർക്ക് മൂന്ന് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ റോട്ടറുകൾക്കും എയർഫ്രെയിമിനും കേടുപാടുകൾ സംഭവിച്ചു.
അപകടകാരണം അന്വേഷിക്കാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ചാണ് ഹെലികോപ്റ്റർ ഉയർത്തിമാറ്റിയത് . അതിനുശേഷം അഗ്നിസുരക്ഷാ സേന റൺവേ ശുചീകരിച്ചു. സിയാൽ അഗ്നി സുരക്ഷാ വിഭാഗം മിനിട്ടുകൾക്കകം സ്ഥലത്തെത്തിയാണ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂവരെയും രക്ഷപ്പെടുത്തിയത്.
വിമാനസർവീസുകൾ നിർത്തിവച്ചതിനു പുറമെ, മറ്റു പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സാങ്കേതിക പരിശോധനകൾക്കു ശേഷമാണ് വിമാനസർവീസുകൾക്ക് അനുവാദം നൽകിയത്.
കോസ്റ്റ് ഗാർഡ് വിശദീകരണം
എല്ലാവിധ നിയന്ത്രണങ്ങളും പരിശോധനയും പൂർത്തിയാക്കിയാണ് ഹെലികോപ്റ്റർ പറന്നുയർന്നതെന്ന് കോസ്റ്റ് ഗാർഡിന്റെ ഡൽഹി ആസ്ഥാനത്തുനിന്ന് അറിയിച്ചു. വിപുലവും തൃപ്തികരവുമായ ഗ്രൗണ്ട് ട്രയലുകൾ നടത്തിയിരുന്നു.
പറക്കലിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്നുപേരെ രക്ഷിക്കുന്നതിനായി പൈലറ്റ് ലാൻഡിംഗ് സാധ്യമായ പരിധിവരെ ദീർഘിപ്പിച്ചു. പിന്നീട് ഹെലി കോപ്റ്റർ പ്രധാന റൺവേയുടെ ഇടതുവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.