ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസ്: മൂന്നു പ്രതികൾക്കു തടവും പിഴയും
Tuesday, March 28, 2023 12:46 AM IST
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികൾക്ക് കോടതി തടവുശിക്ഷ വിധിച്ചു. കേസിൽ 88-ാം പ്രതിയായ ദീപക്ക് ചാലാടിന് മൂന്നു വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
80 -ാം പ്രതി സി.ഒ.ടി. നസീർ, 99 -ാം പ്രതി ബിജു പറമ്പത്ത് എന്നിവർക്ക് രണ്ടു വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. അഞ്ചു വർഷം നീണ്ട വിചാരണ നടപടികൾക്കുശേഷം കണ്ണൂർ അസി. സെഷൻസ് കോടതി ജഡ്ജി രാജീവൻ വാച്ചാൽ ആണു വിധി പറഞ്ഞത്.
സംഭവത്തിൽ ഗൂഢാലോചനക്കുറ്റവും വധശ്രമക്കുറ്റവും നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരമാണ് മൂന്നു പേരെയും കുറ്റക്കാരാണെന്നു കണ്ടെത്തിയത്. മുൻ എംഎൽഎമാരായ സി. കൃഷ്ണൻ, കെ.കെ. നാരായണൻ എന്നിവരുൾപ്പെടെ 107 പ്രതികളെ കോടതി വെറുതേ വിട്ടു. കേസിൽ 114 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നാലുപേർ മരിച്ചു.
എൽഡിഎഫ് പ്രഖ്യാപിച്ച ഉപരോധത്തിന്റെ ഭാഗമായാണ് കണ്ണൂരിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുനേരേ ആക്രമണം നടന്നത്. 2013 ഒക്ടോബർ 27നായിരുന്നു സംഭവം.
കണ്ണൂർ പോലീസ് മൈതാനിയിൽ സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിനെത്തിയ ഉമ്മൻചാണ്ടിയെ സംഘം ചേർന്നു വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും കാൾടെക്സ് മുതൽ പോലീസ് മൈതാനി വരെ മാർഗതടസമുണ്ടാക്കി മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്.
അന്നത്തെ ടൗൺ സ്റ്റേഷനിലെ എസ്ഐ ആയിരുന്ന സനൽ കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. ടി.വി. രാജേഷ്, കെ.വി. സുമേഷ്, സി. കൃഷ്ണൻ, കെ.കെ. നാരായണൻ, ബിനോയി കുര്യൻ, ഒ.കെ. ബിനീഷ്, പി.കെ. ശബരീഷ്കുമാർ, ബിജു കണ്ടക്കൈ, പി. പ്രശോഭ് തുടങ്ങി കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരേയാണ് കേസെടുത്തത്. വധിക്കണമെന്ന ഉദ്ദേശത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്നു ആക്രമിക്കാനായിരുന്നു ഉദ്ദേശമെന്നാണ് എഫ്ഐആറിൽ പറയുന്നത്.
വിധിയിൽ ഗൂഢാലോചന: സിഒടി നസീർ
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനു പിന്നാലെ സിപിഎമ്മിനെതിരേ സി.ഒ.ടി നസീർ.
പാർട്ടിയെ അംഗീകരിക്കാത്തവരെ വേട്ടയാടുക എന്നത് സിപിഎം രീതിയാണെന്നും താൻ സിപിഎം ആയിരുന്നെങ്കിൽ ശിക്ഷിക്കപ്പെടില്ലായിരുന്നുവെന്നും ഈ വിധി രാഷ്ട്രീയത്തിൽ സജീവമാകാനുള്ള ഊർജമാണെന്നും സി.ഒ.ടി നസീർ മാധ്യമങ്ങളോട് പറഞ്ഞു. വിധിയിൽ ഗൂഢാലോചനയുണ്ട്.
ഉമ്മൻ ചാണ്ടിയെ ആക്രമിച്ചതിനല്ല പൊതുമുതൽ നശിപ്പിച്ചതിലാണു ശിക്ഷ ലഭിച്ചത്. ഉമ്മൻചാണ്ടിയെ നേരിട്ടു കണ്ടിരുന്നു. അദ്ദേഹത്തിനും തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതാണെന്നും നസീർ പറഞ്ഞു.
തലശേരി നഗരസഭ കൗൺസിലറായിരുന്ന സി.ഒ .ടി നസീർ പിന്നീട് സിപിഎം വിടുകയും സംഭവത്തിനുശേഷം ഉമ്മൻചാണ്ടി ഒരിക്കൽ കണ്ണൂരിൽ വന്നപ്പോൾ പരസ്യമായി മാപ്പുപറയുകയും ചെയ്തിരുന്നു.