കള്ളുഷാപ്പുകളുടെ ലൈസൻസ് കാലാവധി രണ്ടു മാസം കൂടി നീട്ടി
Thursday, March 30, 2023 12:53 AM IST
തിരുവനന്തപുരം: കള്ളുഷാപ്പുകളുടെ ലൈസൻസ് കാലാവധി രണ്ടു മാസം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. ലേലം ഓൺലൈനാക്കാനുള്ള നടപടികൾ പൂർത്തിയാകാത്തതും അബ്കാരിനയം രൂപീകരിക്കാത്തതുമാണ് കാരണം.
കള്ളുഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും വില്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വില്പന നടത്താൻ തീരുമാനിച്ചത്. ഇതിനായി സോഫ്റ്റ്വെർ തയാറാക്കാനും അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചിരുന്നു.
സംസ്ഥാനത്ത് 5170 കള്ളുഷാപ്പുകളാണുള്ളത്. ഇതിൽ 4500 ഷാപ്പുകളാണു പ്രവ൪ത്തിക്കുന്നത്. 500 രൂപ മുതൽ 4.5ലക്ഷം വരെ ഫീസായി ഈടാക്കുന്നുണ്ട്. വില്പന, തൊഴിലാളികളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് വാർഷിക ഫീസ് ഈടാക്കുന്നത്.