മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല; കണ്ടെയ്നര്‍ തിരിച്ചയയ്ക്കും
Thursday, March 30, 2023 12:54 AM IST
കൊച്ചി: മയക്കുമരുന്നു കടത്ത് സംശയിച്ച് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍സിബി) ചരക്കുകപ്പലില്‍നിന്ന് കൊച്ചി തുറമുഖത്തിറക്കി പരിശോധിച്ച കണ്ടെയ്നര്‍ മടക്കി അയയ്ക്കും.
എന്‍സിബി സംശയിച്ച മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനാകാത്തതിനെത്തുടര്ന്നാണ് നടപടി. ഒമാന്‍ കമ്പനി അധികൃതരുമായി എന്‍സിബി ബന്ധപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കമ്പനി നിര്‍ദേശിക്കുന്ന കപ്പലിലായിരിക്കും കണ്ടെയ്നര്‍ അയയ്ക്കുക.
തിങ്കളാഴ്ച വൈകുന്നേരമാണു മയക്കുമരുന്നുകടത്ത് സംശയിച്ച് എന്‍സിബി കണ്ടെയ്നര്‍ തുറന്നുപരിശോധിക്കാന്‍ ആരംഭിച്ചത്.
ദുബായില്‍നിന്ന് കൊച്ചിയിലെത്തി ഇവിടെനിന്ന് കൊളംബോയിലേക്ക് ചരക്കുമായി പോകുകയായിരുന്ന ഇന്ത്യന്‍ കപ്പല്‍ എസ്എം കാവേരിയാണ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ എന്‍സിബി കൊല്ലത്തുനിന്നു കൊച്ചിയില്‍ തിരികെയെത്തിച്ചത്. അന്താരാഷ്ട്ര ലഹരിസംഘത്തിന്റേതെന്ന് കരുതുന്ന ഒമാന്‍ കണ്ടെയ്നര്‍ എസ്എം കാവേരിയിലുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.