വാച്ച് ആൻഡ് വാർഡിനും മ്യൂസിയം എസ്ഐക്കുമെതിരേ അവകാശലംഘന നോട്ടീസ്
Thursday, March 30, 2023 12:54 AM IST
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചതുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ടസംഭവങ്ങളിൽ മ്യൂസിയം എസ്ഐ പി.ഡി. ജിജുകുമാർ, നിയമസഭാ സെക്രട്ടേറിയറ്റിലെ അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, വനിതാ സാർജന്റ് അസിസ്റ്റന്റ് ഷീന എന്നിവർക്കെതിരേ രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശലംഘനത്തിനു നോട്ടീസ് നൽകി.
നിയമസഭയിലെ അനിഷ്ടസംഭവങ്ങളുടെ പേരിൽ പ്രതിപക്ഷാംഗങ്ങൾക്കെതിരേ കള്ളക്കേസ് എടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘനത്തിനു പരാതി നൽകിയത്. അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, സാർജന്റ് അസിസ്റ്റന്റ് ഷീന എന്നിവരുടെ പരാതിയിൽ ഏഴു പ്രതിപക്ഷ അംഗങ്ങൾക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വനിതാ സാർജന്റിന്റെ കൈക്കു പൊട്ടലേറ്റു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണു ജാമ്യമില്ലാ വകുപ്പുകൾ ചേർത്തു കേസ് എടുത്തത്.
ജനപ്രതിനിധികളുടെ പ്രതിച്ഛായ തകർക്കുന്നതിനായി ഇരുവരും ചേർന്നു ഗൂഢാലോചന നടത്തി വ്യാജപരാതി നൽകിയതിന്റെ പേരിലാണ് അവകാശലംഘനത്തിനു നോട്ടീസ്.
നിയമസഭാ പരിസരത്തു നടന്ന സംഭവത്തിൽ സപീക്കറുടെ അനുമതിയില്ലാതെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് നിയമസഭയുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണെന്നു ചൂണ്ടിക്കാട്ടിയാണു മ്യൂസിയം എസ്ഐക്കെതിരേ അവകാശലംഘന നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.