മുഖ്യമന്ത്രിക്കെതിരേയുള്ള പരാതിയിൽ ലോകായുക്തയുടെ നിർണായക വിധി ഇന്ന്
Friday, March 31, 2023 1:23 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങൾക്കുമെതിരേ ലോകായുക്തയിൽ ഫയൽ ചെയ്ത കേസിൽ നിർണായക വിധി ഇന്ന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ചു സമർപ്പിച്ച ഹർജിയിലാണ് ഇന്നു ലോകായുക്ത വിധി പറയുന്നത്.
ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തവരിൽ നിന്നു തുക തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നുമാണ് കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്ലിൽ ഗവർണർ ഒപ്പു വയ്ക്കാത്ത സാഹചര്യത്തിൽ വിധി വന്നാൽ അത് നിശ്ചിത കാലാവധിക്കകം നടപ്പാക്കേണ്ടി വരും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും, ജസ്റ്റിസ് ഹാറൂണ് അൽ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.