വനമേഖലയിലെ പ്രശ്ന പരിഹാരം: 20 കേന്ദ്രങ്ങളില്‍ വനസൗഹൃദ സദസ്
Saturday, April 1, 2023 1:39 AM IST
കോഴിക്കോട്: സംസ്ഥാനത്തെ വനമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 20 കേന്ദ്രങ്ങളില്‍ വനസൗഹൃദ സദസ് സംഘടിപ്പിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തരയ്ക്ക് മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
28ന് തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സമാപിക്കും. മലയോര പ്രദേശങ്ങളിലെ വനാതിര്‍ത്തികള്‍ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ജനങ്ങളും വകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുമാണു വനസൗഹൃദ സദസ്കൊണ്ട് ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.
വിവിധ ഓഫീസുകളില്‍ ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികള്‍ക്കു പരിഹാരം കാണും. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വിദഗ്ധരില്‍നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കും. വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണ്. കാട്ടുപന്നി പ്രശ്നം പരിഹരിക്കാന്‍ അവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നല്‍കിയില്ല.
പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണുന്നതിനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം വിട്ടുകൊടുത്തത്. വന്യജീവി ആക്രമണം മൂലം ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം നല്കല്, കൃഷിനാശവും കെട്ടിട നാശവും സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കല്‍, വനമേഖലാ പ്രദേശത്ത് നിലവിലുള്ളതും പുതിയതുമായ റോഡുകളുടെ പ്രശ്നങ്ങള്‍, വിവിധതരം എന്‍ഒസികള്‍ ലഭ്യമാക്കല്‍, ജണ്ടകള്‍ തിരിച്ച് വനാതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കല്‍, വസ്തുവില്പന നടത്തുന്നതിന് എന്‍ഒസി ലഭിക്കാത്ത പ്രശ്നം തുടങ്ങിയവ വന സൗഹൃദ സദസില്‍ പരിശോധിച്ച് തീര്‍പ്പാക്കും- മന്ത്രി അറിയിച്ചു.