ദുരിതാശ്വാസ നിധി ദുരുപയോഗം: കേസ് വിശാല ബെഞ്ചിന്
Saturday, April 1, 2023 1:39 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തു എന്നാരോപിച്ചുള്ള ഹർജിയിൽ ലോകായുക്തയുടെ രണ്ടംഗ ബെഞ്ചിൽ ഭിന്നവിധി. ഇതേത്തുടർന്ന് കേസ് വിശാല ബെഞ്ചിനു വിടാൻ തീരുമാനിച്ചു. കേസ് പരിഗണിക്കുന്ന തീയതി ലോകായുക്ത പിന്നീട് തീരുമാനിക്കും.
ലോകായുക്തയിൽനിന്നു പ്രതികൂല വിധി ഉണ്ടായിരുന്നില്ലെങ്കിൽ മുഖ്യമന്ത്രിക്കു നിയമ പ്രകാരം രാജിവയ്ക്കേണ്ടിവരുമായിരുന്നു.
ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂണ് ഉൽ റഷീദ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മന്ത്രിസഭാംഗങ്ങൾക്കെതിരായുള്ള പരാതി ലോകായുക്തയ്ക്ക് അന്വേഷിക്കാൻ കഴിയുമോ എന്നും ആരോപണങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചും തങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും വിധിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഉപലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് കൂടി ഉൾപ്പെട്ട വിശാല ബെഞ്ചിനു വിടാൻ തീരുമാനിച്ചത്. ഇനി വിശാല ബെഞ്ചിൽ കേസ് നടപടികൾ ആദ്യം മുതൽ ആരംഭിക്കണം.
ഭിന്നാഭിപ്രായ വിധിയാണെങ്കിലും ലോകായുക്തയുടെയും ഉപലോകായുക്തയുടെയും അഭിപ്രായങ്ങൾ വിധിയിൽ ചേർത്തിട്ടില്ല. ഇരുവർക്കും ഭിന്നാഭിപ്രായമുണ്ടെന്നു പറയുക മാത്രമാണു ചെയ്തിട്ടുള്ളത്.
കേരള സർവകലാശാല സിൻഡിക്കറ്റ് മുൻ അംഗം ആർ.എസ്. ശശികുമാർ ആയിരുന്നു പരാതിക്കാരൻ. സർക്കാരിന്റെ പ്രതിനിധിയായി ചീഫ് സെക്രട്ടറിയെ ഒന്നാം കക്ഷിയാക്കി ആയിരുന്നു പരാതി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ രണ്ടാം പ്രതിയും ഒന്നാം പിണറായി സർക്കാരിലെ മറ്റു മന്ത്രിമാരെ മൂന്നു മുതൽ 18 വരെ പ്രതികളുമാക്കി. ഇവരിൽ നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണു മന്ത്രിസഭയിലുള്ളത്. 2018 സെപ്റ്റംബർ 27 ന് ലോകായുക്തയിൽ പരാതി നൽകി.
വിശദമായ വാദപ്രതിവാദങ്ങൾക്കു ശേഷം, പരാതിയിൽ കഴന്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും 2019 ജനുവരി 14 ന് ലോകായുക്ത പയസ് സി. കുര്യാക്കോസ് അധ്യക്ഷനായ ഫുൾ ബെഞ്ച് വിധിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിന് വാദം ആരംഭിച്ച് മാർച്ച് 18 ന് പൂർത്തിയായി ഉത്തരവിനായി മാറ്റിവച്ചു.
ഒരു വർഷത്തോളമായിട്ടും ഉത്തരവ് വരാത്തതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്തയെ നേരിട്ടു സമീപിക്കാൻ കോടതി പരാതിക്കാരനു നിർദേശം നൽകി. കേസ് ഏപ്രിൽ മൂന്നിലേക്കു മാറ്റുകയും ചെയ്തു. ഇതേത്തുടർന്ന് വേനൽക്കാല അവധി ആരംഭിക്കുന്നതിനു മുന്പ് കേസിൽ വിധി പറയണമെന്നാവശ്യപ്പെട്ട് ശശികുമാർ ലോകായുക്തയിൽ പരാതി നൽകി. തുടർന്നാണ് ഇന്നലെ കേസിൽ വിധി പറയാൻ തീരുമാനിച്ചത്.
പരാതിയിലേക്ക് എത്തിച്ച മന്ത്രിസഭാ തീരുമാനങ്ങൾ
ഒന്ന്: അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകാനുള്ള 2017 ജൂലൈ 27 ലെ തീരുമാനം.
രണ്ട്: സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന് അകന്പടി പോയ സിവിൽ പോലീസ് ഓഫീസർ പ്രവീണിന്റെ അവകാശികൾക്ക് 20 ലക്ഷം രൂപ കൊടുക്കാനുള്ള 2017 ഒക്ടോബർ നാലിന്റെ മന്ത്രിസഭാ തീരുമാനം. അകന്പടി പോകുന്നതിനിടെ വാഹനാപകടത്തിൽ പ്രവീണ് മരരിച്ചിരുന്നു. നിയമാനുസൃതം ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കു പുറമേയാണ് ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായം.
മൂന്ന്: അന്തരിച്ച മുൻ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ കുടുംബത്തിന് വായ്പാ കുടിശിക അടച്ചുതീർക്കാൻ 8,66,000 രൂപയുടെ സഹായവും എൻജിനിയറിംഗ് ബിരുദധാരിയായ മകന് യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയും നൽകാനുള്ള 2018 ജനുവരി 24 ന്റെ മന്ത്രിസഭാ തീരുമാനം.
ആക്ഷേപം
ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായത്തിന് അർഹതയുള്ളു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എസ്കോർട്ട് പോകാൻ നിയമമില്ല.
അതുകൊണ്ടുതന്നെ അപകടത്തിൽ മരിച്ചാൽ പ്രത്യേക ആനുകൂല്യത്തിന് അർഹതയില്ല. സമാനമായി മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ എസ്കോർട്ട് ഡ്യൂട്ടിക്കിടെ അപകടമരണം സംഭവിച്ചവർക്ക് പ്രത്യേക ധനസഹായം നൽകിയിട്ടില്ല.
ധനസഹായത്തിന് പ്രത്യേക അപേക്ഷ നൽകണം. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവയിലൊന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നതാണ് പരാതി. അജൻഡയ്ക്കു പുറത്തുള്ള വിഷയമായാണ് ഇവ മന്ത്രിസഭയുടെ പരിഗണയ്ക്ക് എത്തിയതെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.