അംഗീകാരമുള്ള സ്കൂളിൽ ചേരാൻ ഇനി മുതൽ ടിസി നിർബന്ധമല്ല
Sunday, May 28, 2023 2:58 AM IST
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽനിന്ന് അംഗീകാരമുള്ള സ്കൂളുകളിലേക്ക് ചേരാൻ ടിസി നിർബന്ധമില്ലാതാക്കി സർക്കാർ ഉത്തരവിറക്കി.
അംഗീകാരമില്ലാത്ത സ്കൂളുകളിലെ ഒന്നു മുതൽ ഒന്പതുവരെ ക്ലാസിലെ കുട്ടികൾക്ക് ടിസി ലഭിക്കാതെ വന്നാൽ അംഗീകാരമുള്ള സ്കൂളുകളിൽ രണ്ടുമുതൽ എട്ടുവരെ ക്ലാസുകളിൽ പ്രവേശനം നൽകും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസിന്റേയും ഒന്പത്, 10 ക്ലാസുകളിൽ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലാകും പ്രവേശനം നൽകുന്നത്.
2023 -24 വർഷം പ്രാബല്യത്തിൽ വരുന്ന നിയമത്തിൽ ഒപ്പുവച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അണ് എയ്ഡഡ് സ്കൂളുകൾക്കെതിരേ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.