നൈജീരിയ മോചിപ്പിച്ച നാവികര്‍ അടുത്തമാസം നാട്ടിലെത്തും
Tuesday, May 30, 2023 1:43 AM IST
കൊച്ചി: നൈജീരിയയിൽ തടവില്‍നിന്നു മോചിപ്പിക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികര്‍ അടുത്തമാസം നാട്ടിലെത്തും. ഇവരുമായുള്ള കപ്പല്‍ നൈജീരിയയിലെ ബോണി തുറമുഖത്തുനിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ തുറമുഖത്തേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടു. ഇവിടെയെത്തിയശേഷമാകും നാവികര്‍ നാട്ടിലേക്ക് മടങ്ങുക. പത്തു മാസത്തെ ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും ശേഷമാണ് കപ്പലും നാവികരും മോചിതരായത്.
കപ്പല്‍ പത്തു ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയിലെത്തുമെന്ന് ഫസ്റ്റ് ഓഫീസറും കൊച്ചി സ്വദേശിയുമായ സനു ജോസ് പറഞ്ഞു. ഇദ്ദേഹത്തെ കൂടാതെ മുളവുകാട് സ്വദേശി മില്ട്ടന് ഡിക്കോത്ത്, കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികള്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ എണ്ണമോഷണം ആരോപിക്കപ്പെട്ട് "എംടി ഹീറോയിക് ഇഡുൻ' എന്ന കപ്പൽ നൈജീരിയന്‍ നേവി പിടിച്ചെടുത്ത് നാവികരെ തടവിലാക്കിയത്.