കാറില്‍ സ്ഫോടകവസ്തു: യുവാവ് അറസ്റ്റില്‍
Wednesday, May 31, 2023 1:29 AM IST
കാസര്‍ഗോഡ്: കാറില്‍ സ്ഫോടകവസ്തുക്കള്‍ കടത്തുന്നതിനിടെ യുവാവിനെ എക്സൈസ്-പോലീസ് സംയുക്ത സംഘം അറസ്റ്റ് ചെയ്തു. മുളിയാര്‍ പൊവ്വല്‍ കെട്ടുങ്കല്ലിലെ മുസ്തഫ (44) യെയാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 12.30ഓടെ കാസര്‍ഗോഡ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആൻഡ് നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ജി.എ.ശങ്കറും സംഘവും ചെര്‍ക്കള കോലാച്ചിയടുക്കത്തു നടത്തിയ വാഹന പരിശോധനയിലാണ് കെഎല്‍ 11 എആര്‍ 5004 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന വന്‍ സ്ഫോടകശേഖരം കണ്ടെത്തിയത്.
വിവരം ആദൂര്‍ ഇന്‍സ്പെക്ടര്‍ എ. അനില്‍കുമാറിനു കൈമാറുകയതോടെ ആദൂര്‍ എസ്ഐ ബാലു പി.നായരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. എക്സൈസും പോലീസും സംയുക്തമായി കാറിലും പ്രതിയായ മുഹമ്മദ് മുസ്തഫയുടെ വീട്ടിലും നടത്തിയ പരിശോധനയില്‍ 2800 ജലാസ്റ്റിന്‍ സ്റ്റിക്, 6000 ഇലക്ട്രോണിക് ഡോട്ട്, 500 ഓര്‍ഡിനറി ജലാറ്റിന്‍ സ്റ്റിക്, 2150 ഡിറ്റണേറ്റര്‍, 600 സ്പെഷല്‍ ഓര്‍ഡിനറി ഡിറ്റണേറ്റര്‍, 6000 മീറ്റര്‍ ഡി കോട്ട് വയര്‍, നാലു ക്യാപ് എന്നിവ കണ്ടെടുത്തു.
ഇതിനിടെ മുസ്തഫ രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. പോലീസ് പിന്തുടര്ന്ന് കെട്ടുങ്കല്ലില്നിന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ മുസ്തഫ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.