ലൈംഗിക ബോധവത്കരണ പരിപാടി: എന്‍സിഇആര്‍ടിയെയും എസ്സിഇആര്‍ടിയെയും കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശം
Wednesday, May 31, 2023 1:29 AM IST
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ അധ്യയനവര്‍ഷം മുതല്‍ ലൈംഗിക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ എന്‍സിഇആര്‍ടിയെയും എസ്സിഇആര്‍ടിയെയും കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ലോവര്‍ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലംവരെ ലൈംഗിക ബോധവത്കരണ പരിപാടികള്‍ നടത്തുന്നതു വിശദീകരിക്കാന്‍ സര്‍ക്കാര്‍ സമയം തേടി. തുടര്‍ന്ന് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
ഒരു പോക്സോ കേസിലെ പ്രതിയുടെ ജാമ്യഹര്‍ജി പരിഗണിക്കവെ കൗമാരപ്രായക്കാരും യുവാക്കളും പോക്സോ കേസുകളില്‍ പ്രതിയാകുന്ന സാഹചര്യം വര്‍ധിച്ചു വരികയാണെന്ന് വിലയിരുത്തിയ ഹൈക്കോടതി സ്കൂള്‍തലത്തില്‍ ലൈംഗിക ബോധവത്കരണ പരിപാടികള്‍ നടത്തണമെന്ന് കഴിഞ്ഞ ഓഗസ്റ്റ് 26ന് ഉത്തരവിട്ടിരുന്നു. ഇതില്‍ സ്വീകരിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ പിന്നീട് ഹൈക്കോടതിയില്‍ വിശദീകരിച്ചിരുന്നു.