കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ അറസ്റ്റിൽ
Tuesday, June 6, 2023 12:38 AM IST
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കോർപറേഷൻ കണിമംഗലം സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ കൊല്ലം അഞ്ചൽ സ്വദേശി നാദിർഷയെ വിജിലൻസ് പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ഓഫീസിൽ വീടിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടുന്നതിനായി പനമുക്ക് സ്വദേശി സന്ദീപിനോട് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയത്.
ഓഫീസിന്റെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി വാങ്ങിയ രണ്ടായിരം രൂപ പാന്റിന്റെ പോക്കറ്റിലിട്ടതോടെ അവിടെ എത്തിയിരുന്ന വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥന്റെ പാന്റ് തെളിവിനായി അഴിച്ചു മാറ്റി മുണ്ടുടിപ്പിച്ചാണ് തുടർനടപടികൾ തീർത്തത്.
പരാതിക്കാരൻ തന്റെ അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടുന്നതിന് കഴിഞ്ഞ 24നാണ് സോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. തുടർന്ന് ശനിയാഴ്ച നാദിർഷ പരിശോധനയ്ക്കായി എത്തിയപ്പോൾ അമ്മ ഓട്ടോ ചാർജ് നൽകി. തുടർന്ന് മടങ്ങിപ്പോയ നാദിർഷ പരാതിക്കാരനെ ഫോണിൽ വിളിച്ച് ഓട്ടോ ചാർജ് മാത്രം പോരെന്നും, 2000 രൂപ ഇന്നലെ ഉച്ചയ്ക്കുശേഷം ഓഫീസിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം തൃശൂർ വിജിലൻസിനെ അറിയിക്കുകയായിരുന്നു.