ആദിവാസികളെ നിയോഗിച്ച് അരിക്കൊന്പനെ നിരീക്ഷിച്ചു കന്പം: കാട്ടാനകളെ നിരീക്ഷിക്കാൻ പ്രത്യേക പരിശീനം ലഭിച്ച ആദിവാസികളെ അരിക്കൊന്പൻ ദൗത്യത്തിനു തമിഴ്നാട് വനംവകുപ്പ് നിയോഗിച്ചിരുന്നതായി സൂചന. ജനവാസ മേഖലയിലിറങ്ങി പ്രശ്നം സൃഷ്ടിക്കുന്ന ആനയെ കാടിനു പുറത്ത് മയക്കുവെടിവച്ച് പിടിച്ചുകൊണ്ടുപോകാൻ സൗകര്യ പ്രദമായ സ്ഥലത്ത് എത്തിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇവരെ നിയോഗിച്ചിരുന്നത്.
ആനയ്ക്ക് ഭക്ഷിക്കാൻ അരിയും ചക്കയും ഉൾപ്പെടെയുള്ളവ വനത്തിൽ എത്തിച്ചു നൽകിയിരുന്നതായുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും തമിഴ്നാട് വനംവകുപ്പ് ഇതു സ്ഥിരീകരിച്ചിരുന്നില്ല. ഇതെല്ലാം മയക്കുവെടിവയ്ക്കാൻ ആനയെ സൗകര്യപ്രദമായ സ്ഥലത്ത് എത്തിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നുവെന്നാണ് കരുതുന്നത്. ഇന്നലെ ദൗത്യം നടക്കുന്ന വിവരം പ്രദേശവാസികളിൽ ചിലർ മാത്രമാണ് അറിഞ്ഞിരുന്നത്. അതീവ രഹസ്യമായാണ് തമിഴ്നാട് വനംവകുപ്പ് കാര്യങ്ങൾ നീക്കിയത്.
ഇതിനിടെ വനത്തിലൂടെ റേഡിയോ കോളറുമായി കാട്ടിൽ കറങ്ങുന്ന കാട്ടാനയെ മറ്റു കാട്ടാനകൾ തുരത്താനുള്ള സാധ്യതയും ചർച്ചയായിട്ടുണ്ട്. കോളറുമായി നടക്കുന്ന ആനയെ കാട്ടാനകൾ കൂട്ടത്തിൽ ചേർക്കാനുള്ള സാധ്യത കുറവാണെന്ന വിമർശനവുമുണ്ട്. ആന വീണ്ടും ജനവാസ മേഖലയിലെത്താനുള്ള സാധ്യതയും കൂടുതലാണെന്നും പറയപ്പെടുന്നു.