ഒടിടി റിലീസ്: സിനിമാ തിയറ്ററുകള്‍ ഇന്നും നാളെയും അടച്ചിടും
Wednesday, June 7, 2023 12:48 AM IST
കൊച്ചി: ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018’ എന്ന സിനിമ കുറഞ്ഞ ദിവസത്തിനകം ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും തിയേറ്ററുകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് സിനിമാ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. കൊച്ചിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കരാര്‍ ലംഘിച്ചാണു 2018 ഒടിടിയില്‍ റിലീസ് ചെയ്യുന്നതെന്ന് സംഘടന ആരോപിച്ചു.
സമരം നടക്കുന്ന ദിവസങ്ങളില്‍ സിനിമ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍ അറിയിച്ചു. സിനിമ തിയറ്ററില്‍ റിലീസ് ചെയ്തു 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുള്ള ധാരണ.
ചിത്രം പുറത്തിറങ്ങി 33ാം ദിവസമാണു ‘2018’ന്റെ ഒടിടി റിലീസ്. ഇന്നുമുതല്‍ സോണി ലൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. അതേസമയം, തിയറ്ററുകള്‍ അടച്ചിടില്ലെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു. പ്രദര്‍ശനം തുടരുമെന്നും സംഘടന വ്യക്തമാക്കി.
തിയറ്ററുകാരുടെ സമരത്തെ മാനിക്കുന്നുവെന്നും സിനിമ റിലീസിനു മുമ്പ് നിര്‍മാതാവിനെ സേഫാക്കുന്ന രീതിയാണ് തനിക്കുള്ളതെന്നും സമരത്തെക്കുറിച്ച് ജൂഡ് ആന്റണി പ്രതികരിച്ചു.