വിഴിഞ്ഞം തുറമുഖം ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
Thursday, September 21, 2023 12:28 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ മാസ്കോട്ട് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനാവരണം ചെയ്തു.
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അന്താരാഷ്ട്ര മാരിടൈം രംഗത്ത് കേരളത്തിന് അനന്തസാധ്യതകള്‍ തുറക്കപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ നാലിനു വിഴിഞ്ഞത്ത് കപ്പലടുക്കുമ്പോള്‍ മനസുതുറന്ന് ആഹ്ലാദിക്കാനുള്ള അവസരം എല്ലാ മലയാളികള്‍ക്കും ലഭിക്കും.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തുമെന്നു തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. നൂറുകണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം അസംഖ്യം തൊഴിലവസരങ്ങള്‍ പരോക്ഷമായും സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. പുതിയ തൊഴിലവസരങ്ങളില്‍ ഒരു നല്ല ശതമാനം പ്രദേശവാസികള്‍ക്ക് ലഭിക്കും. അവരെ അതിനു സജ്ജരാക്കാന്‍ പരിശീലന പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.
തുറമുഖത്തോടനുബന്ധിച്ച് നിരവധി അനുബന്ധ വ്യവസായങ്ങള്‍ ഉയര്‍ന്നുവരുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം വ്യവസായങ്ങളില്‍ നിക്ഷേപിക്കാന്‍ പല പ്രമുഖ വ്യവസായ ഗ്രൂപ്പുകളും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന 6200 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന റിംഗ് റോഡിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ച് വ്യവസായ ഇടനാഴി നിര്‍മിക്കാനും പദ്ധതിയുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
സ്വകാര്യ-പൊതുമേഖലാ സംയുക്ത സംരംഭങ്ങളായ പിപിപി മാതൃക നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ വളരെ സജീവമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി പി. രാജീവ് പറഞ്ഞു.