മൂവാറ്റുപുഴ: ആയിരങ്ങൾ പങ്കെടുത്ത മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷികാഘോഷത്തിന് സമാപനം. മേജർ ആർച്ച്ബിഷപ് ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു സമാപനമായത്.
ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ആർച്ച്ബിഷപ് മാർ ജോർജ് പനംതുണ്ടിൽ, ബിഷപ്പുമാരായ ജോഷ്വ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, സാമുവൽ മാർ ഐറേനിയസ്, തോമസ് മാർ അന്തോണിയോസ്, ഡോ. വിൻസെന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോളികാർപ്പസ്, ഏബ്രഹാം മാർ യൂലിയോസ്, യുഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ സഹകാർമികരായിരുന്നു.
കെആർഎൽസിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകി. മൂവാറ്റുപുഴ ബിഷപ് യുഹാനോൻ മാർ തെയഡോഷ്യസ് സ്വാഗതമാശംസിച്ചു. വിശുദ്ധ കുർബാനയുടെ അവസാനം കാതോലിക്കാ ബാവ പുനരൈക്യസന്ദേശം നൽകി. സഭയുടെ ആത്മീയതയും പൈതൃകവും നിലനിർത്താൻ നാം കടപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. ശതാബ്ദിയിലേക്കു പ്രവേശിക്കുന്ന മലങ്കര കത്തോലിക്കാ സഭയ്ക്ക് എല്ലാ തലങ്ങളിലുമുള്ള വളർച്ച സംജാതമായത് മലങ്കരയുടെ ആത്മീയത നാം ഉയർത്തിപ്പിടിച്ചതുകൊണ്ടും ദൈവത്തിന്റെ മുന്പിൽ നമ്മുടെ മുട്ടുകൾ മടക്കിയതുകൊണ്ടുമാണെന്ന് കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.
93-ാം പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ രൂപത ഏറ്റെടുത്തു നടത്തിയ വിവിധ കാരുണ്യ പ്രവർത്തനങ്ങളായ അഞ്ചു ഭവനങ്ങളുടെ നിർമാണം, 100 കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം, എൻഡോവ്മെന്റ് എന്നിവ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഖസാക്കിസ്ഥാന്റെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് മാർ ജോർജ് പനംതുണ്ടിലിനെ ബിഷപ് യുഹാനോൻ മാർ തെയഡോഷ്യസ് കുരിശുമാല അണിയിച്ച് ആദരിച്ചു.
94-ാം പുനരൈക്യ വാർഷികത്തിന് ആതിഥേയത്വം വഹിക്കുന്ന പാറശാല ഭദ്രാസനത്തിന് കാതോലിക്ക പതാക മൂവാറ്റുപുഴ ഭദ്രാസനം കൈമാറി.
നാല് സമ്മേളന നഗരികളിലായി വിവിധ സമ്മേളനങ്ങൾ നടത്തി. സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ എംസിവൈഎം ആഗോള യുവജന സമ്മേളനം നടന്നു. എംസിവൈഎം സഭാതല പ്രസിഡന്റ് ഏഞ്ചൽ മേരി അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാർ ഈവാനിയോസ് നഗറിൽ നടന്ന എംസിഎയുടെ നേതൃത്വത്തിലുള്ള ആഗോള അല്മായ സംഗമത്തിൽ സഭാതല പ്രസിഡന്റ് ഏബ്രഹാം എം. പട്യാനി അധ്യക്ഷത വഹിച്ചു. കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി വി.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. കെഎംആർഎമ്മിന്റെ വിദ്യാർഥികൾക്കുള്ള വിദ്യാശ്രീ പുരസ്കാരദാനം യുഹാനോൻ മാർ തെയോഡോഷ്യസ് നിർവഹിച്ചു. ദൈവശാസ്ത്ര സമ്മേളനം ബിഷപ്സ് ഹൗസിലുള്ള മാർ തെയോഫിലോസ് നഗറിൽ ഏബ്രഹാം മാർ ജൂലിയോസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സംഘടനയായ എംസിസിഎൽ സമ്മേളനം വിശുദ്ധ ഷാർബേലിന്റെ ചാപ്പലിൽ നടത്തി. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
വിവിധ സമ്മേളനങ്ങളെ തുടർന്ന് മാർ ഈവാനിയോസ് നഗറിൽ സുവിശേഷസംഘ പ്രാർഥനാ ശുശ്രൂഷയും വിശുദ്ധ കുർബാനയുടെ ആരാധനയും ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസിന്റെ നേതൃത്വത്തിൽ നടന്നു. ആഘോഷ പരിപാടികൾക്ക് ജനറൽ കണ്വീനർ തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ, ഫാ. മൈക്കിൾ വടക്കേവീട്ടിൽ, ഫാ. വർഗീസ് പണ്ടാരംകുടിയിൽ, ഫാ. ഷാജു വെട്ടിക്കാട്ടിൽ, ഫാ. സാബു മുളകുകൊടിയിൽ, ഫാ. സന്തോഷ് പുളിക്കൽ, ഫാ. മാത്യു കളരികാലായിൽ, ഫാ. ആന്റണി വേങ്ങനിൽക്കുന്നതിൽ, ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി വി.സി. ജോർജുകുട്ടി, ഷിബു പനച്ചിക്കൽ, എൽദോ പൂക്കുന്നേൽ, സിബി തോമസ് എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.