ഗവർണർ-സർക്കാർ പോര് വിവാദങ്ങൾ മറയ്ക്കാനോ?
Friday, September 29, 2023 3:07 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം നേതാക്കൾക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ചർച്ചകളിൽ നിറയുന്നതിനിടെയാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരേ, മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയത്.
ബില്ലുകളിൽ ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു മാസങ്ങൾക്കു മുൻപു തന്നെ പല മന്ത്രിമാരും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, പെട്ടന്നു മുഖ്യമന്ത്രി തന്നെ ഗവർണർക്കെതിരേ രംഗത്ത് എത്തിയത്, ചർച്ചകൾ വഴി തിരിച്ചു വിടാനാണെന്ന ആക്ഷേപം, രാജ്ഭവൻ കേന്ദ്രങ്ങളിലും സജീവമായി. പല വിഷയങ്ങളിലും സർക്കാർ പ്രതിസന്ധിയിലാകുന്പോഴാണ്, ഗവർണർക്കെതിരേ പോർമുഖം തുറക്കുന്നെന്ന പ്രതീതി സർക്കാർ ജനിപ്പിക്കുന്നതെന്ന ആരോപണമാണു രാജ്ഭവൻ വൃത്തങ്ങൾക്കുള്ളത്.
ഇപ്പോൾ കരിവന്നൂർ കള്ളപ്പണക്കേസ് കത്തി നിൽക്കുന്നതിനിടെയാണ് നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞത്.
ഗവർണറുടെ നടപടിക്കെതിരേ കേസിനു പോകുമെന്നു സർക്കാർ പറയാൻ തുടങ്ങിയിട്ടു മാസങ്ങളായെന്നും ഇത്തരം നീക്കത്തെ കാര്യമാക്കേണ്ടതില്ലെന്നുമാണു ഗവർണറുടെ നിലപാട്.
ഗവർണർക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച ദിവസം രാത്രിയിൽ മുംബൈക്കു പോയ ഗവർണർ ഇനി ഒക്ടോബർ രണ്ടിനു മാത്രമേ മടങ്ങിയെത്തുകയുള്ളു. മടങ്ങിയെത്തിയാലും വിവാദ ബില്ലുകളിൽ ഒപ്പുവയ്ക്കാൻ സാധ്യത കുറവാണ്. ആവശ്യമെങ്കിൽ ചില ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നതു ഗവർണർ മടങ്ങിയെത്തിയ ശേഷം തീരുമാനിക്കും.
ബംഗാൾ ഗവർണർക്കെതിരേയുള്ള സംസ്ഥാന സർക്കാരിന്റെ നിയമ നടപടിയാണ് ഇപ്പോൾ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാർ കേസിനു പോകുന്നെങ്കിൽ നിയമ വഴിയിയിൽ കാണാമെന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുക. ഇക്കാര്യം അദ്ദേഹം പരസ്യമായി പറയുകയും ചെയ്തിരുന്നു.
എന്നാൽ, മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് എസ്.മണികുമാറിനെ നിയമിക്കണമെന്ന സർക്കാർ ശിപാർശയിൽ മടങ്ങിയെത്തിയ ശേഷം ഗവർണർ പരിശോധന നടത്തിയേക്കുമെന്നും സൂചനയുണ്ട്.
മണികുമാറിന്റെ വിധികളിൽ അഭിപ്രായ വ്യത്യാസമുള്ളവർ മേൽകോടതികളെ സമീപിക്കുകയാണു വേണ്ടിയിരുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത്തരം നിയമ വിഷയമാകും മടങ്ങിയെത്തിയ ശേഷം ഗവർണർ പരിശോധിക്കുക.
രണ്ടു ബില്ലുകൾ കൂടി ഗവർണർക്കു മുന്നിലെത്തി
തിരുവനന്തപുരം: നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടിക്കെതിരേ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടു ബില്ലുകൾ കൂടി ഗവർണറുടെ പരിഗണനയ്ക്ക് അയച്ചു.
ക്ഷീര കർഷക ക്ഷേമനിധി ഭേദഗതി ബിൽ, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു സർക്കാർ നൽകുന്ന ഗ്രാന്റ് വർധിപ്പിക്കുന്ന ബിൽ എന്നിവയാണ് പുതുതായി രാജ്ഭവനിലെത്തിയത്. ഇനി കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബിൽ ഉൾപ്പെടെ 11 ബില്ലുകൾ കൂടി ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കേണ്ടതുണ്ട്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേർക്കുള്ള അതിക്രമം തടയൽ ബിൽ, ചരക്ക് സേവന നികുതി ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിനുള്ള ബിൽ എന്നിവ ഗവർണർ നേരത്തെ അംഗീകരിച്ചിരുന്നു.