വൈദ്യുതി കരാർ: ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്യും
Wednesday, October 4, 2023 12:56 AM IST
തിരുവനന്തപുരം: റദ്ദാക്കിയ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കുന്ന വിഷയം ഇന്നു ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും.
കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിച്ചിരുന്ന നാലു കരാറുകൾ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ സാഹചര്യത്തിൽ ഇതു പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മൂന്നു നിർദേശങ്ങളാണു മന്ത്രിസഭയ്ക്കു മുന്നിലെത്തുന്നത്. ഇതിൽ മന്ത്രിസഭ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
കേന്ദ്ര വൈദ്യുതി നിയമത്തിലെ വകുപ്പ് അനുസരിച്ച് സംസ്ഥാന സർക്കാർ നയ തീരുമാനം എടുത്തു കരാറുകൾ പുനരുജ്ജീവിപ്പിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷനോടു നിർദേശിച്ചാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ നയ തീരുമാനം റഗുലേറ്ററി കമ്മീഷന് അംഗീകരിക്കേണ്ടി വരും.
പ്രത്യേകിച്ചു മന്ത്രിസഭാ തീരുമാനം തള്ളാൻ കഴിയില്ല.റഗുലേറ്ററി കമ്മീഷൻ തീരുമാനത്തിനെതിരേ വൈദ്യുതി ബോർഡ്, കേന്ദ്ര അപ്പലറ്റ് ട്രൈബ്യൂണലിൽ നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാർ കൂടി കക്ഷി ചേരുകയാണ് രണ്ടാമത്തെ നിർദേശം.
4.29 രൂപയ്ക്കു വൈദ്യുതി വാങ്ങുന്ന ദീർഘകാല കരാർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സംസ്ഥാന സർക്കാർ സമീപിക്കണമെന്ന നിയമവിദഗ്ധരുടെ ആവശ്യമാണു മൂന്നാമത്തെ മാർഗം. ഇക്കാര്യങ്ങളാണ് മന്ത്രിസഭ ചർച്ച ചെയ്യുക.
ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ നേതൃത്വത്തിൽ സെക്രട്ടറി തല സമിതി ചർച്ച ചെയ്താണു തീരുമാനങ്ങൾ സർക്കാരിനു സമർപ്പിച്ചത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം പഠിച്ച ശേഷം മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു.
നിലവിലുണ്ടായിരുന്ന ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.