ജപ്പാനിൽ ജോലി: ഉദ്യോഗാർഥികൾക്കായി റിക്രൂട്ട്മെന്റ് ഡ്രൈവ് 30 ന്
Wednesday, November 29, 2023 12:56 AM IST
കണ്ണൂർ: ജപ്പാനിൽ ജോലി ചെയ്യാൻ അഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കായി കണ്ണൂരിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നു. ദേശീയ വികസന കോർപറേഷന്റെ കീഴിൽ രജിസ്റ്റേർഡ് ഓർഗനൈസേഷനായ അജിനോറ ഓവർസീസ് കൺസൾട്ടൻസി, സാന്റേ ഗ്രൂപ്പുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
30 ന് കണ്ണൂർ കോളജ് ഓഫ് കൊമേഴ്സ് ഹാളിൽ രാവിലെ 9.30ന് കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്യും. ജപ്പാനിൽനിന്നുള്ള എഴുപത്തിരണ്ടോളം കമ്പനികളുടെ പ്രതിനിധികൾ റിക്രൂട്ട്മെന്റ് ഡ്രൈവിൽ പങ്കെടുക്കും.
പ്ലസ് ടു, ഡിഗ്രി, ഐടിഐ, എൻജിനിയറിംഗ് യോഗ്യതയുള്ളവർക്ക് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. സ്പെഷൽ സ്കിൽ ജോലി പരിശീലനമില്ലാത്തവർക്ക് സെലക്ഷൻ കിട്ടിയാൽ പരിശീലനം നൽകും. ജപ്പാൻ ഭാഷയിൽ പ്രാവീണ്യം നേടാൻ പ്രത്യേക പരിശീലനവും നൽകും.
18 മുതൽ 28 വരെ പ്രായമുള്ളവർക്ക് റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാം. റിക്രൂട്ട്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 8590201126 എന്ന നമ്പറിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചുരുങ്ങിയത് ഒരു ലക്ഷം മുതൽ മുകളിലോട്ടുള്ള ശമ്പള വ്യവസ്ഥയിൽ ജോലി ലഭിക്കാം. അഞ്ചു വർഷമാണ് കാലാവധിയെന്നും സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ ഡയറക്ടർമാരായ അജോ അഗസ്റ്റിൻ, ടി.ജെ. സന്തോഷ്, കെ.എം. തോമസ്, ടി. ശങ്കരനാരായണൻ, അജിനോറ മാർക്കറ്റിംഗ് മാനേജർ ജോബിഷ് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.